‘സഭാഘടനയെ ദുര്‍ബലപ്പെടുത്താന്‍ ഡീക്കന്മാരെ ബലിയാടുകളാക്കുന്നു’
Thursday, October 10, 2024 2:39 AM IST
കൊച്ചി: സഭാഘടനയെ ദുര്‍ബലപ്പെടുത്തുകയെന്ന തങ്ങളുടെ അജണ്ട നടപ്പിലാക്കാനായി ഡീക്കന്മാരെ ബലിയാടുകളാക്കുകയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം ചെയ്യുന്നതെന്ന് സീറോമലബാര്‍ സഭ മീഡിയ കമ്മീഷന്.
തിരുപ്പട്ട സ്വീകരണത്തിനൊരുക്കമായി സഭ നിഷ്കര്‍ഷിക്കുന്ന രീതിയില്‍ അനുസരണം വാഗ്ദാനം ചെയ്യുന്ന സത്യവാങ്മൂലം ഒപ്പിട്ടു നല്‍കുന്നതിനനുസരിച്ച് പട്ടം നല്‍കാമെന്നാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചിരിക്കുന്നത്.
ആ നിലപാടില്‍നിന്നു സഭ പിന്നോട്ടു പോയിട്ടില്ല. എന്നാല്‍, അതിരൂപതയെ നിരന്തരം ആക്ഷേപവിധേയമാക്കുന്ന ചില വ്യക്തികളും സംഘടനകളും ചെലുത്തുന്ന തെറ്റായ സമ്മര്ദങ്ങളില്പ്പെട്ടാണു ഡീക്കന്മാര് സത്യവാങ്മൂലം നൽകാന് വിസമ്മതിക്കുന്നത്.
ഡീക്കന്മാര്ക്ക് തിരുപ്പട്ടം നല്‍കണമെന്നാവശ്യപ്പെട്ട് 13ന് തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്തിട്ടുള്ളത് അതിരൂപതയെ പൊതുസമൂഹത്തില്‍ അപമാനിക്കാനുള്ള ചില വ്യക്തികളുടെയും സംഘടനകളുടെയും പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ്.
തെരുവില്‍ പ്രക്ഷോഭം നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുന്ന വ്യക്തികളും സംഘടനകളുമാണ് ഡീക്കന്മാരുടെ തിരുപ്പട്ട സ്വീകരണത്തെ ഭീഷണികളിലൂടെ വിലക്കുന്നതെന്നും മീഡിയ കമ്മീഷന് ചൂണ്ടിക്കാട്ടി.