തലസ്ഥാനത്ത് അനധികൃത ഫ്ലക്സ് ബോര്‍ഡുകളുടെ പ്രളയം: ഹൈക്കോടതി
Thursday, October 10, 2024 2:39 AM IST
കൊച്ചി: തലസ്ഥാനനഗരിയില്‍ അനധികൃത ഫ്ലക്സ് ബോര്‍ഡുകളുടെ പ്രളയമാണെന്നു ഹൈക്കോടതി. ബോര്‍ഡുകളില്‍ രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളുമാണ് മുന്‍പന്തിയില്‍.
തദ്ദേശഭരണ സെക്രട്ടറിയടക്കമുള്ള അധികൃതരുടെ മൂക്കിനു താഴെയാണ് ഈ നിയമലംഘനം നടക്കുന്നത്. എത്ര ബോര്‍ഡുകള്‍ നീക്കിയെന്നും എത്ര രൂപ പിഴയിട്ടെന്നും വ്യക്തമാക്കി തിരുവനന്തപുരം കോര്പറേഷന് അടുത്തയാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു.
തിരുവനന്തപുരം മനോഹരവും ആസൂത്രിതവുമായി രൂപകല്പന ചെയ്ത നഗരമാണ്. അവിടെനിന്ന് ഇത്തരം ശല്യങ്ങള് നീക്കുകതന്നെ വേണം. ബോര്‍ഡുകള്‍ നീക്കി പിഴ വാങ്ങാത്ത പക്ഷം കോര്പറേഷന് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യവും പിഴശിക്ഷാ നടപടിയും സ്വീകരിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
ബോര്‍ഡുകള്‍ വയ്ക്കുന്നവരില്‍ സര്‍ക്കാര്‍ വകുപ്പുകളും പിആര്ഡിയുമുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭരണസംവിധാനങ്ങളുടെ പൂര്‍ണ പരാജയമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതി പറഞ്ഞാല്‍ മാത്രം ബോര്‍ഡുകള്‍ നീക്കുന്ന രീതിയാണ്. വേലിതന്നെ വിളവു തിന്നുന്നത് വിചിത്രവും അംഗീകരിക്കാനാകാത്തതുമാണ്.
കൊച്ചിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 9000 അനധികൃത ബോര്‍ഡുകള്‍ മാറ്റിയെന്നു നഗരസഭ അവകാശപ്പെട്ടെങ്കിലും എത്ര തുക ഈടാക്കിയെന്നു കൃത്യമായി പറയാന്‍ കഴിഞ്ഞിട്ടില്ല. പല ഉത്തരവുകളിറക്കിയിട്ടും അനധികൃത ബോര്‍ഡുകള്‍ പഴയപടി തുടരുന്നതായും കോടതി നിരീക്ഷിച്ചു.