കെഎസ്ആർടിസി ബസപകടം: കാരണം അമിത വേഗമല്ല, ഡ്രൈവറുടെ അശ്രദ്ധയെന്ന്
Thursday, October 10, 2024 1:35 AM IST
കോഴിക്കോട്: പുല്ലൂരാംപാറയ്ക്കു സമീപം കാളിയാംപുഴയിൽ കെഎസ്ആർടസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിക്കാനിടയായ അപകടത്തിനു കാരണം ഡ്രൈവറുടെ അശ്രദ്ധയെന്നു മോട്ടോർവാഹന വകുപ്പിന്റെ നിഗമനം.
ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ ഷാജി മാധവൻ, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി.വി.എം. ഷെരീഫ്, കൊടുവള്ളി ജോയിന്റ് ആർടിഒ ഇ.എസ്. ബിജോയി, കൊടുവള്ളി എംവിഐ വിനോദ്കുമാർ, എൻഫോഴ്സ്മെന്റ് വിഭാഗം എംവിഐമാരായ അൻസാർ, അജിത്കുമാർ, എഎംവിഐ മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ സംഭവസ്ഥലവും ബസും പരിശോധിച്ചു.
ബസിനു തകരാറുള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ല. ബസിലെ ടയറുകൾക്കു തേയ്മാനം സംഭവിച്ചിരുന്നില്ല. ബ്രേക്കിനു കുഴപ്പമില്ലെന്നും ഉദ്യോഗസ്ഥ സംഘം കണ്ടെത്തി. പാലത്തിനു സമീപത്ത് ഡ്രൈവർ ബ്രേക്ക് പ്രയോഗിച്ചിരുന്നതിനു തെളിവായി ടയർ റോഡിലുരഞ്ഞതിന്റെ പാടുകൾ ഉദ്യോഗസ്ഥസംഘം കണ്ടെത്തി.
അപകടമുണ്ടായ സ്ഥലത്തു നിന്നു 100 മീറ്റർ അകലെ വച്ച് റോഡ് നിർമാണ പ്രവൃത്തിയിലേർപ്പെട്ടിരുന്ന ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിയുടെ ക്രെയിനു സൈഡ് കൊടുക്കുന്നതിനുവേണ്ടി കെഎസ്ആർടിസി ബസ് നിറുത്തിയിരുന്നു. അവിടെനിന്നും അമിതവേഗത്തിലല്ല ബസ് പുറപ്പെട്ടത്.
ഇറക്കമിറങ്ങി വരികയായിരുന്ന ബസിന് പാലത്തിനു സമീപത്തുവച്ച് പെട്ടന്ന് നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് മനസിലാകുന്നതെന്ന് ഉദ്യോഗസ്ഥ സംഘം സൂചിപ്പിച്ചു. അപകടം നടന്ന സമയത്ത് എതിർവശത്തുനിന്നു വലിയ വാഹനങ്ങൾ വന്നിരുന്നില്ല.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകൾ സംബന്ധിച്ച റിപ്പോർട്ട് ഉടൻതന്നെ ഗതാഗത വകുപ്പ് കമ്മീഷണർക്ക് കൈമാറും. അപകടകാരണം സംബന്ധിച്ച് പോലീസും അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരുടെ മൊഴി ശേഖരിച്ചു തുടങ്ങി.
അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന കെഎസ്ആർടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും ആരോഗ്യനില തൃപ്തികരമായാൽ ഇവരുടെ മൊഴി രേഖപ്പെടുത്തും. പോലീസിൽനിന്നു ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം മോട്ടോർ വാഹന വകുപ്പ് തുടർ നടപടി സ്വീകരിക്കും.
അപകടത്തിനു കാരണം ഡ്രൈവറുടെ വീഴ്ചയാണെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയാൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡു ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൊടുവള്ളി ജോയിന്റ് ആർടിഒ പറഞ്ഞു.
പരിക്കേറ്റ് ചികിത്സ തേടിയവരിൽ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45നാണ് മുത്തപ്പൻപുഴയിൽനിന്ന് തിരുവന്പാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസിയുടെ ഓർഡിനറി ബസ് പാലത്തിന്റെ കൈവരി തകർത്ത് പുഴയിലേക്ക് കൂപ്പുകുത്തിയത്.