വരുന്നൂ, ഹൈഡ്രജൻ ട്രെയിനുകൾ; പരീക്ഷണ ഓട്ടം ഡിസംബറിൽ
Thursday, October 10, 2024 1:35 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ജർമൻ സാങ്കേതികവിദ്യയുമായി സഹകരിച്ച് ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചെടുത്ത ആദ്യ ഹൈഡ്രജൻ ട്രെയിനിന്റെ നിർമാണം അവസാന ഘട്ടത്തിൽ. ഈ ട്രെയിനിന്റെ ട്രയൽ റൺ ഡിസംബറിൽ നടക്കുമെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. അതിന് മുമ്പ് ജർമനിയിലെ സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തിൽ സുരക്ഷാ ഓഡിറ്റും നടത്തും.
ഹൈഡ്രജൻ ഫോർ ഹെറിറ്റേജ് എന്ന സംരംഭത്തിനു കീഴിൽ ആദ്യ ഘട്ടത്തിൽ 35 ഹൈഡ്രജൻ ട്രെയിനുകൾ അവതരിപ്പിക്കാനാണ് ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നത്. ഓരോ ട്രെയിനിനും കുറഞ്ഞത് 80 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പരമാവധി 200 കിലോമീറ്ററാണ് ട്രെയിനിന്റെ മണിക്കൂറിലെ വേഗം. നിർമാണ സംയോജനം, ഏകോപനം എന്നിവയുടെ ചുമതല ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്കാണ്.ഇത് കൂടാതെ ഹൈഡ്രജൻ ഇന്ധന സെൽ അധിഷ്ഠിതമായ അഞ്ച് മെയിന്റനൻസ് വാഹനങ്ങളും ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചു വരികയാണ്. ഈ വാഹനങ്ങളുടെ ഓരോ യൂണിറ്റിനും 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സിസ്റ്റം ഇന്റഗ്രേഷൻ യൂണിറ്റ്, ബാറ്ററി യൂണിറ്റ്, ഫ്യുവൽ യൂണിറ്റ് എന്നിവയുടെ നിർമാണവും പരീക്ഷണവും വിജയകരമായി പൂർത്തീകരിച്ചു കഴിഞ്ഞു.വടക്കൻ റെയിൽവേയിലെ ജിന്ദ് - സോനിപത് ഡിവിഷനിൽ ആയിരിക്കും ആദ്യ സർവീസ് നടത്തുക.
ജിന്ദിലെ ഒരു മെഗാവാട്ട് പോളിമർ ഇലക്ട്രോലൈറ്റ് മെംഡ്രൻ ഇലക്ട്രോലൈസർ വഴിയാണ് ട്രെയിനിന് ആവശ്യമായ ഹൈഡ്രജൻ വിതരണം നടത്തുക. ഈ ഇലക്ട്രോലൈസർ തുടർച്ചയായി തടസമില്ലാതെ പ്രവർത്തിക്കും. പ്രതിദിനം 430 കിലോഗ്രാം ഹൈഡ്രജൻ ഇവിടെ ഉത്പാദിപ്പിക്കാൻ കഴിയും. 3000 കിലോഗ്രാം ഹൈഡ്രജൻ സ്റ്റോറേജ് യൂണിറ്റാണ് ജിന്ദിൽ ഉള്ളത്.
ഒരു ഹൈഡ്രജൻ ട്രെയിനിന് കാര്യക്ഷമമായി ഇന്ധനം നിറയ്ക്കുന്നത് ഉറപ്പാക്കുന്ന രണ്ട് ഹൈഡ്രജൻ ഡിസ്പെൻഷൻ യൂണിറ്റും ജിന്ദിൽ ഉണ്ടാകും. ഗ്രീൻ ട്രാൻസ്പോർട്ട് എന്ന ശീർഷകത്തിലാണ് ഇന്ത്യൻ റെയിൽവേ ഹൈഡ്രജൻ ട്രെയിനുകൾ സർവീസ് നടത്തുക. ഇവ സർവീസ് നടത്തുന്ന റൂട്ടുകളിൽ ഓരോന്നിനും അടിസ്ഥാന സൗകര്യ വികസനത്തിനായി 70 കോടി രൂപ വീതവും റെയിൽവേ ചെലവഴിക്കും.
ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഇവ നടപ്പിലാക്കിയ ജർമനി, ഫ്രാൻസ്, സ്വീഡൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം അഞ്ചാമത്തെ രാഷ്ട്രമായി ഇന്ത്യ മാറും.