കുറി തൊടാൻ ഫീസ്: തീരുമാനം പിന്‍വലിച്ചതായി ദേവസ്വം ബോര്‍ഡ്
Wednesday, October 9, 2024 2:06 AM IST
കൊച്ചി: എരുമേലി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍, കുറി തൊടുന്നതിന് ഭക്തരിൽനിന്ന് പണം ഈടാക്കാനുള്ള അവകാശം ടെൻഡര്‍ ചെയ്തു നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍.
പേട്ട തുള്ളലിനുശേഷം ആചാരപരമായി ക്ഷേത്രത്തില്‍ നടത്തുന്ന കുറി തൊടലിന് പണപ്പിരിവ് നടത്താന്‍ ടെൻഡര്‍ വിളിച്ച ദേവസ്വം ബോര്‍ഡ് നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്.
വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കരാര്‍ എടുത്തവര്‍ക്കടക്കം നോട്ടീസയ യ്ക്കാന്‍ നിര്‍ദേശിച്ചു. ചന്ദനവും മറ്റും തൊടാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ പേരില്‍ പണപ്പിരിവ് നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കുറി തൊടാന്‍ പത്ത് രൂപ വരെ ഭക്തരില്‍നിന്ന് ഫീസ് ഈടാക്കാന്‍ സ്വകാര്യ കക്ഷികള്‍ക്ക് അവകാശം നല്‍കുന്നത് ചോദ്യം ചെയ്ത് എരുമേലി സ്വദേശികളായ മനോജ് എസ്. നായര്‍, അരുണ്‍ സതീഷ് എന്നിവരാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. പേട്ട തുളളിയെത്തി കുറി തൊടുക എന്നത് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്നും എന്നാല്‍ ഈ രീതി കാലങ്ങളായി ഭക്തര്‍ തുടരുന്നതാണെന്നും ദേവസ്വം ബോര്‍ഡ് അഭിഭാഷകന് വ്യക്തമാക്കി.
ഇതിന്റെ പേരില്‍ ചിലര്‍ ഭക്തരില്‍നിന്ന് വലിയ തുക അനധികൃതമായി പിരിക്കുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമായാണ് ദേവസ്വം ബോര്‍ഡ്തന്നെ സൗകര്യം ഒരുക്കാനും ഇത് ടെന്‍ഡര്‍ ചെയ്ത് നല്‍കാനും തീരുമാനിച്ചതെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് പണപ്പിരിവ് ഇല്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചത്.