ആർഎസ്എസ് ബന്ധത്തിന്റെ ചരിത്രം ചികഞ്ഞ്...
Wednesday, October 9, 2024 2:06 AM IST
സാബു ജോണ്
തിരുവനന്തപുരം: എഡിജിപിയുടെ ആർഎസ്എസ് ബന്ധത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിന്റെ ചർച്ചയ്ക്കു വന്ന ഭരണപക്ഷക്കാരുടെ കൈയിൽ ഒരു ഫോട്ടോ പ്രിന്റ് ഉണ്ടായിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ നിൽക്കുന്ന ഫോട്ടോയുടെ പ്രിന്റ് ആയിരുന്നു ഇത്.
എറണാകുളം ശിവക്ഷേത്രത്തിലെ ഗണേശോത്സവത്തിന്റെ ഉദ്ഘാടനവേദിയായിരുന്നു അതെന്ന് സതീശന്റെ വിശദീകരണം. 2018ൽ ഈ പരിപാടി ഉദ്ഘാടനം ചെയ്തത് അന്നത്തെ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ആയിരുന്നു എന്നു സതീശന്റെ മറുപടി.
ഭാരതീയവിചാരകേന്ദ്രം സ്വാമി വിവേകാനന്ദനെക്കുറിച്ചു പുറത്തിറക്കിയ പുസ്തകത്തിന്റെ തൃശൂരിൽ നടന്ന പ്രകാശനചടങ്ങിൽ സതീശൻ പങ്കെടുത്തെന്നായി മന്ത്രി എം.ബി. രാജേഷ്. ഇതേ പുസ്തകത്തിന്റെ തിരുവനന്തപുരത്തെ പ്രകാശനച്ചടങ്ങിൽ പുസ്തകം വി.എസ്. അച്യുതാനന്ദൻ ഏറ്റുവാങ്ങുന്ന ഫോട്ടോ കാണിച്ച് സതീശന്റെ പ്രത്യാക്രമണം. അന്ന് വി.എസ്. ആർഎസ്എസിനെതിരേ അതിരൂക്ഷവിമർശനമാണ് അഴിച്ചുവിട്ടതെന്ന് അന്നത്തെ പത്രവാർത്തകൾ ഉദ്ധരിച്ച് രാജേഷ് വാദിച്ചു.
ആർഎസ്എസുമായുള്ള പൂർവകാല ബന്ധത്തിന്റെ കഥകൾ പറഞ്ഞു കൊണ്ടുംകൊടുത്തും ഭരണ-പ്രതിപക്ഷങ്ങൾ മുന്നേറി. രണ്ടു മണിക്കൂർ ചർച്ച അതുകഴിഞ്ഞും നീണ്ടിട്ടും ആരാണു സത്യമായിട്ടും ആർഎസ്എസ് ബന്ധം പുലർത്തുന്നതെന്ന കാര്യത്തിൽ തീർപ്പായില്ല.
എഡിജിപി ആർഎസ്എസ് നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയതു മുഖ്യമന്ത്രിയുടെ ദൂതുമായിട്ടാണെന്ന ആക്ഷേപം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവർത്തിച്ചു. ഡൽഹിയിൽ മുഖ്യമന്ത്രി ദേശീയദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ മലപ്പുറത്തെ അപമാനിക്കുന്ന തരത്തിൽ അപകടകരമായ ആഖ്യാനം ചമച്ചതിനു പിന്നിൽ വലിയ ഗൂഢാലോചന നടന്നു എന്നും ആരോപണം ഉന്നയിച്ചു. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഇതേ ആരോപണമുയർത്തി.
ആർഎസ്എസിനും ബിജെപിക്കുമെതിരേ പോരാടുന്നവർ എന്ന് എക്കാലവും പറഞ്ഞുനടന്ന കേരളത്തിലെ സിപിഎം എന്തേ ഇപ്പോൾ ഇങ്ങനെ എന്നു കുഞ്ഞാലിക്കുട്ടി ചോദിച്ചു. തങ്ങൾ മുന്നോട്ടുവച്ച ആക്ഷേപങ്ങൾക്കു മന്ത്രി എം.ബി. രാജേഷ് കൃത്യമായ മറുപടി നൽകിയില്ലെന്നു പറഞ്ഞ് പ്രതിപക്ഷം ചർച്ചയ്ക്കൊടുവിൽ സഭ ബഹിഷ്കരിച്ചു.
അടിയന്തരപ്രമേയത്തിന്റെ നോട്ടീസ് സ്പീക്കർ വായിച്ചപ്പോൾത്തന്നെ സഭ നിർത്തിവച്ചു ചർച്ചയാകാമെന്നു മുഖ്യമന്ത്രി സമ്മതിച്ചു. തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ആവശ്യം അംഗീകരിച്ചുകൊണ്ട് പ്രതിപക്ഷത്തെ തുടക്കത്തിൽത്തന്നെ മുഖ്യമന്ത്രി പ്രതിരോധത്തിലാക്കി. ചർച്ചയ്ക്കു പ്രതിപക്ഷം തയാറായപ്പോഴാകട്ടെ മുഖ്യമന്ത്രി അതിൽ പങ്കെടുത്തുമില്ല. മുഖത്തു നോക്കി ആക്ഷേപം ഉന്നയിക്കാൻ പ്രതിപക്ഷത്തിന് അവസരം ലഭിച്ചില്ല.
കടുത്ത പനി ഉള്ളതിനാൽ മുഖ്യമന്ത്രിക്കു വോയ്സ് റെസ്റ്റ് വേണമെന്നു ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്നു സഭയെ അറിയിച്ചത് സ്പീക്കർ എ.എൻ. ഷംസീർ ആണ്. മന്ത്രി എം.ബി. രാജേഷിന്റെ മറുപടി പ്രസംഗം ഒരു മണിക്കൂറും പിന്നിട്ട് മുന്നേറിയപ്പോൾ പ്രതിപക്ഷം അസ്വസ്ഥത പ്രകടിപ്പിച്ചു. പക്ഷേ അതൊന്നും കൂസാതെ മന്ത്രി പ്രസംഗം തുടർന്നു.
അടിയന്തരപ്രമേയ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കുന്നതിനിടെ പി.കെ. ബഷീറിനു വായനയില്ലെന്ന ധ്വനിയിൽ കെ.ടി. ജലീൽ പറഞ്ഞതു ബഷീറിനെ ചൊടിപ്പിച്ചു. ബഷീറിനു വായനയില്ലെന്നു പറയാൻ ഇവനാരാ എന്നു പറഞ്ഞു ക്ഷോഭിച്ച ബഷീർ പിന്നെയും ചില പ്രയോഗങ്ങളൊക്കെ നടത്തി. ഒടുവിൽ ലീഗിലെ മറ്റു മെംബർമാരും പി.കെ. കുഞ്ഞാലിക്കുട്ടി വരെയും ശ്രമിച്ചാണു ബഷീറിനെ മെരുക്കിയത്.
തിങ്കളാഴ്ച ഡയസിൽ കയറി പ്രതിഷേധിച്ച നാലു പ്രതിപക്ഷ അംഗങ്ങളെ ശാസിക്കാനുള്ള തീരുമാനത്തെ അംഗീകരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ പ്രതിഷേധ പരാമർശങ്ങളെ ഭരണപക്ഷത്തുനിന്നു മന്ത്രി എം.ബി. രാജേഷും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും അപലപിച്ചു. സ്പീക്കർക്കെതിരായ പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിൽ സ്പീക്കർക്കു പ്രതിരോധമൊരുക്കുകയും ചെയ്തു.
അടിയന്തരപ്രമേയ ചർച്ചയ്ക്കൊടുവിൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിനാൽ കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സർവകലാശാല ഭേദഗതി ബില്ലും കേരള കന്നുകാലി പ്രജനന ബില്ലും അവതരിപ്പിച്ച് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ സബ്ജക്ട് കമ്മിറ്റിക്ക് അയച്ച് സഭ പിരിഞ്ഞു.