സ്വർണ വില്പനയിൽ 488 കോടിയുടെ നികുതിവെട്ടിപ്പു പിടിച്ചു: മന്ത്രി എം.ബി. രാജേഷ്
Wednesday, October 9, 2024 2:06 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു കഴിഞ്ഞ ആറു മാസത്തിനിടെ 488 കോടി രൂപയുടെ സ്വർണ നികുതി വെട്ടിപ്പു പിടികൂടിയെന്നു മന്ത്രി എം.ബി. രാജേഷ്. ഇതിൽ 305 കോടി രൂപ തിരിച്ചടപ്പിക്കാനായി.
ആകെ 343 പരിശോധനയാണു നടത്തിയത്. യുഡിഎഫ് കാലത്ത് 30 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ഇന്റജിലൻസ് പിടികൂടിയത്.
എന്നാൽ ഇന്റലിജൻസിനെ കൂടുതൽ കാര്യക്ഷമമാക്കി 2000 കോടി രൂപയാണ് എൽഡിഎഫ് സർക്കാർ ഖജനാവിൽ എത്തിച്ചത്. നികുതിച്ചോർച്ച പൂർണമായും അടയ്ക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
സ്വർണ ഇടപാടുകളിലെ നികുതി ചോർച്ച തടയുന്നതിന് ഇ ഇൻവോയിസിംഗ് ബിൽ സംവിധാനം വരുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ബില്ലടച്ചാൽ അപ്പോൾതന്നെ വകുപ്പിനും വ്യക്തികൾക്കും വിവരങ്ങൾ ലഭ്യമാക്കുന്നതാണ് ഇ ഇൻവോയിസിംഗ് സംവിധാനം. ബിസിനസ് ടു കസ്റ്റമർ മേഖലയിൽ ബിൽ നൽകാത്ത പ്രവണതയുണ്ട്. ഇതു തടയുന്നതിനു വേണ്ടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.