ഉരുൾപൊട്ടൽ ദുരന്തം: സഹായം ലഭ്യമാക്കാത്ത കേന്ദ്രത്തെ വിമർശിക്കാതെ മുഖ്യമന്ത്രി
Wednesday, October 9, 2024 2:06 AM IST
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടു മെമ്മോറാണ്ടം തയാറാക്കി സമർപ്പിച്ചിട്ടും കേന്ദ്രത്തിന്റെ പ്രത്യേക സഹായം ലഭ്യമാക്കാത്ത നടപടിയെ നിയമസഭയിൽ വിമർശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ടു ചട്ടം 300 അനുസരിച്ചു മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി കെ. രാജൻ അവതരിപ്പിച്ച പ്രമേയത്തിൽ പ്രത്യേക സഹായം നൽകാത്ത കേന്ദ്ര സർക്കാർ നടപടിയിൽ വിമർശനമില്ല.
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ വിവിധ മേഖലകളിലായി 1,200 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായത് കണക്കിലെടുത്ത് കേന്ദ്രസഹായത്തിനായി മാനദണ്ഡങ്ങൾക്ക് അനുസൃതമായി മെമ്മോറാണ്ടം തയാറാക്കി സമർപ്പിച്ചു.
വിശദ മെമ്മോറാണ്ടം സമർപ്പിച്ചെങ്കിലും ദുരന്തത്തിന്റെ ഭാഗമായി ലഭിക്കേണ്ട പ്രത്യേക ധനസഹായം ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിൽ പ്രത്യേക ധനസഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോടാവശ്യപ്പെടാൻ കഴിഞ്ഞ മൂന്നിനു ചേർന്ന മന്ത്രിസഭ തീരുമാനിച്ചു.
മേപ്പാടി പഞ്ചായത്തിലെ നെടുന്പാല എസ്റ്റേറ്റും കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ എൽസ്റ്റോണ്‍ എസ്റ്റേറ്റും ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ മാതൃക ടൗണ്‍ഷിപ് നിർമിക്കുന്നതിന് ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തി. ഈ സ്ഥലങ്ങൾ വൈകാതെ ഏറ്റെടുക്കാൻ ദുരന്തനിവാരണ നിയമ പ്രകാരം നടപടി എടുക്കും. രണ്ടു ടൗണ്‍ഷിപ്പിലുമായി 1000 വീടുകൾ പണിയാനാണു ലക്ഷ്യമിടുന്നത്.
ഭാവിയിൽ രണ്ടാമത്തെ നിലകൂടി പണിയുന്നതിനു സൗകര്യമുള്ള രീതിയിൽ 1,000 ചതുരശ്ര അടിയുള്ള ഒറ്റനില വീടുകളാണ് നിർമിക്കുക. പുനരധിവാസ പാക്കേജിൽ ജീവനോപാധികളും ഉറപ്പാക്കും. വനിതകൾക്ക് അവർക്ക് അനുയോജ്യമായ തൊഴിൽ കണ്ടെത്തുന്നതിനുള്ള പരിശീലനം നൽകും. കർഷകർക്ക് കൃഷി ചെയ്യാനുള്ള സൗകര്യവും പരിഗണിക്കും.
ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മറ്റു കുടുംബങ്ങളെ രണ്ടാം ഘട്ടമായും പുനരധിവസിപ്പിക്കും. ഒന്നും രണ്ടും ഘട്ടങ്ങളിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കളുടെ കരടുപട്ടിക ജില്ലാ കളക്ടർ പ്രസിദ്ധീകരിക്കും.
പട്ടിക അന്തിമമാക്കുന്നതിനുള്ള നിർദേശങ്ങൾ പുറപ്പെടുവിക്കാൻ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി. സ്ത്രീകൾക്കു താത്പര്യമുള്ള തൊഴിലിൽ ഏർപ്പെടുന്നതിനാവശ്യമായ പരിശീലനം നൽകും. വാടക കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവരെ സംരക്ഷിക്കും.
പുനരധിവാസ പദ്ധതികളുടെ പ്രോജക്ട് മാനേജ്മെന്റ് കണ്‍സൾട്ടന്റായി കിഫ്ബി മുഖേന മുന്നോട്ടുപോകാനാണ് ഉദ്ദേശ്യം. വിവിധ മേഖലകളിൽ ആവശ്യമായി വരുന്ന വിദഗ്ധരുടെ സേവനവും ഉപയോഗിക്കും.
ഇതിനായി പൊതുമരാമത്ത്, ജല അഥോറിറ്റി, കെഎസ്ഇബി, തദ്ദേശ വകുപ്പ്, ടൗണ്‍ പ്ലാനിംഗ്, ഡിസാസ്റ്റർ മാനേജ്മെന്റ് തുടങ്ങിയവയിൽനിന്നുള്ള അഭിപ്രായം സമന്വയിപ്പിച്ച് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ നിർവഹണം നടത്തും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു ഉന്നത അധികാര സമിതി ആയിരിക്കും പദ്ധതിക്ക് മേൽനോട്ടം നൽകുന്നത്.