എടിഎം കവർച്ചക്കേസ്: പ്രതികൾ ജുഡീഷൽ കസ്റ്റഡിയിൽ
Wednesday, October 9, 2024 12:44 AM IST
തൃശൂർ: ഈസ്റ്റ് പോലീസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ തൃശൂരിലെ എടിഎം കവർച്ചക്കേസിലെ പ്രതികളായ ഹരിയാന സ്വദേശികളെ ജുഡീഷൽ കസ്റ്റഡിയിൽവിട്ടു. ഇവരെ ഇന്നലെ സേലം ജയിലിലേക്ക് അയച്ചു.
വിയ്യൂർ പോലീസ് ഇന്ന് തൃശൂർ ജെസിഎം-1 കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ഇന്നല്ലെങ്കിൽ നാളെ ഇവരെ വിയ്യൂർ പോലീസിന്റെ കസ്റ്റഡിയിൽ ലഭിക്കുമെന്നാണു കരുതുന്നത്.
പ്രതികളുടെ സാധനസാമഗ്രികളുള്ളതിനാൽ കസ്റ്റഡി കാലവധി കഴിയുന്പോൾ തിരികെയെത്തിക്കണമെന്നു സേലം ജയിൽ അധികൃതർ ജെസിഎം-1 കോടതി മജിസ്ട്രേറ്റിനോട് അഭ്യർഥിച്ചിരുന്നു. ഇതനുസരിച്ചാണ് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടതിനുപിന്നാലെ ഇവരെ സേലം ജയിലിലേക്ക് അയച്ചത്.
നിർണായക തെളിവുകളുണ്ടെന്നു പോലീസ്
തൃശൂർ: എടിഎം കവർച്ചക്കേസിൽ ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിൽ വിട്ടുകിട്ടിയ അഞ്ചംഗ കവർച്ച സംഘം പോലീസിന്റെ ചോദ്യംചെയ്യലിനോടു സഹകരിച്ചില്ലെന്നു സൂചന.
ഒറ്റയ്ക്കും കൂട്ടായും നടത്തിയ ചോദ്യംചെയ്യലിൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നും സംഘാംഗങ്ങളെ പരിചയമില്ലെന്നുമുള്ള മറുപടിയാണു നൽകിയത്. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിലും പ്രതികൾ കൃത്യമായ ഉത്തരം നൽകിയില്ല.
തെളിവുകളും സിസി ടിവി കാമറ ദൃശ്യങ്ങളുമെല്ലാം നിരത്തി പോലീസ് ചോദ്യംചെയ്യുന്പോൾ അതിനു കൃത്യമായ ഉത്തരം നൽകാതെയാണ് പ്രതികൾ പെരുമാറുന്നത്. എന്നാൽ പ്രതികളുടെ മൊഴികളെക്കാളും കുറ്റസമ്മതത്തെക്കാളും നിർണായകമായി വിരലടയാളങ്ങളടക്കമുള്ള തെളിവുകൾ പോലീസിന്റെ പക്കലുള്ളതിനാൽ പ്രതികൾക്കു രക്ഷപ്പെടാൻ സാധിക്കില്ലെന്നു പോലീസ് പറയുന്നു.
ഗ്യാസ് കട്ടർ വിദഗ്ധർ; ഒറ്റ നോട്ടും കത്തിയില്ല
തൃശൂർ: എടിഎം മോഷണക്കേസിലെ പ്രതികൾ ഗ്യാസ് കട്ടർ ഉപയോഗിക്കുന്നതിലെ വിദഗ്ധർ. എടിഎം കാഷ് ട്രേകളിലുണ്ടായിരുന്ന നോട്ടുകൾക്കു തീപിടിക്കാതെ കൊള്ളനടത്താൻ ഇവർക്കു കഴിഞ്ഞു.
പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് ഗ്യാസ് കട്ടിംഗ് വൈദഗ്ധ്യം പോലീസ് മനസിലാക്കിയത്. കേടുവന്ന എടിഎമ്മുകളിൽ മോഷണത്തിന്റെ ട്രയൽ റണ് നടത്തിയിരുന്നു. ട്രേകളിൽ കടലാസുകൾ കറൻസികൾപോലെ നിറച്ചാണ് വൈദഗ്ധ്യംനേടിയത്. ഇതിനുശേഷമാണ് അവസാന ഓപ്പറേഷന് ഇറങ്ങാറുള്ളതെന്നാണു വിവരം.
ആന്ധ്രയിൽനടന്ന എടിഎം കവർച്ചയുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം പ്രതികളെ ആന്ധ്ര പോലീസും ചോദ്യംചെയ്തു. ഓഗസ്റ്റ് 18ന് ആന്ധ്രയിലെ രണ്ട് എടിഎമ്മുകളിൽനിന്നായി 39 ലക്ഷം കവർന്ന കേസിലാണ് ഈസ്റ്റ് സ്റ്റേഷനിലെത്തി അഞ്ചു പ്രതികളെ ചോദ്യം ചെയ്തത്.
ആന്ധ്രയിൽ രണ്ടുമാസത്തിനിടെ അഞ്ച് എടിഎമ്മുകളിൽനിന്ന് ഒന്നരക്കോടിയോളം കവർന്നിട്ടുണ്ടെന്നും ഇതേ സംഘമാണു പിന്നിലെന്നും ആന്ധ്ര പോലീസ് പറഞ്ഞു. ആന്ധ്രയിലെ പർവാസ, കാപ്പിൻപോട്ട സ്റ്റേഷൻപരിധികളിലുള്ള എടിഎമ്മുകളാണ് കൊള്ളയടിച്ചത്.
ഒരു എടിഎമ്മിൽനിന്ന് 19 ലക്ഷവും മറ്റൊന്നിൽനിന്ന് 29 ലക്ഷവുമാണ് കവർന്നത്. കവർച്ചസംഘത്തെതേടി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പോലീസ് സംഘം കേരള, തമിഴ്നാട് പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണു വിവരം.