സിബിഐ ചമഞ്ഞ് തട്ടിപ്പ്: രണ്ടു പേർ അറസ്റ്റിൽ
Wednesday, October 9, 2024 12:44 AM IST
കണ്ണൂർ: സിബിഐ ചമഞ്ഞ് ചാലാട് സ്വദേശിയായ പ്രവാസിയിൽനിന്ന് 13 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ.
തൃശൂർ ശാന്തിനഗർ പള്ളി വളപ്പിൽ ഹൗസിലെ ജിതിൻ ദാസ് (20), ആലപ്പുഴ സക്കറിയ വാർഡിലെ യാഫിപുരയിടം ഹൗസിലെ ഇർഫാൻ ഇഖ്ബാൽ (23) എന്നിവരെയാണ് എസിപി ടികെ രത്നകുമാറിന്റെ നിർദേശപ്രകാശം അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
എറണാകുളം ടൗണിൽനിന്നാണു പ്രതികൾ പിടിയിലായത്. പ്രതികൾ പരാതിക്കാരനെ വെർച്ച്വൽ അറസ്റ്റ് നടത്തിയതായി ഭീഷണിപ്പെടുത്തിയാണു പണം തട്ടിയെടുത്തത്.
ഡൽഹി സൈബർ ക്രൈമിൽ ഡിജിറ്റൽ അറസ്റ്റുണ്ടെന്ന് പറഞ്ഞാണ് ചാലാട് സ്വദേശിയെ തട്ടിപ്പുസംഘം ബന്ധപ്പെട്ടത്. വാട്സ്ആപ്, സ്കൈപ് തുടങ്ങിയ ഓൺലൈൻ ആപ്ലിക്കേഷനിലൂടെ ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. ആധാർകാർഡ് ഉപയോഗിച്ച് എടുത്ത ഫോൺ നമ്പറും ബാങ്ക് അക്കൗണ്ടും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതിനാൽ അറസ്റ്റ് തടയാനായി പ്രതികൾ പണം ആവശ്യപ്പെടുകയായിരുന്നു. ഇതു പ്രകാരം 12.91 ലക്ഷം രൂപ അയച്ചുകൊടുത്തതായി പരാതിയിൽ പറയുന്നു.
അറസ്റ്റിലായ ഇർഫാൻ ഇഖ്ബാലിന് എറണാകുളത്ത് മൊബൈൽ കടയുണ്ട്. ഇവിടെനിന്നാണ് ഉപരിപഠനത്തിനായി എത്തിയ ജിതിൻ ദാസ് ഇർഫാനുമായി പരിചയത്തിലാകുന്നത്. തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച പ്രധാന പ്രതികളാണ് പിടിയിലായതെന്നു പോലീസ് പറഞ്ഞു. മലയാളികളടക്കം കൂടുതൽ പേർ സംഘത്തിലുണ്ട്.