മലപ്പുറവും കോഴിക്കോടും വിഭജിച്ച് പുതിയ ജില്ല വേണം: അൻവർ
Monday, October 7, 2024 5:33 AM IST
മഞ്ചേരി: മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല രൂപീകരിക്കണമെന്ന് പി.വി. അൻവർ എംഎൽഎ ആവശ്യപ്പെട്ടു. ജാതി സെന്‍സസ് നടത്തുക, പ്രവാസികള്‍ക്ക് വോട്ടവകാശം നൽകുക, വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ ഇ-ബാലറ്റ് സംവിധാനം ഏർപ്പെടുത്തുക, മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും മുന്നോട്ടു വയ്ക്കുകയാണെന്ന് അൻവർ മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ പറഞ്ഞു.
വന്യമൃഗശല്യത്തില്‍ മരിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയില്‍നിന്ന് 50 ലക്ഷം രൂപയായി ഉയര്‍ത്തണം, മനുഷ്യ-മൃഗ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കണം, തൊഴിലില്ലായ്മ വേതനം 2000 രൂപയാക്കി ഉയര്‍ത്തണം. മതസ്ഥാപന നിയന്ത്രണം അതത് മതവിശ്വാസികള്‍ക്ക് അനുവദിക്കണം. വയോജന ക്ഷേമത്തിനായി പുതിയ വകുപ്പ് ഉണ്ടാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
ഉപതെരഞ്ഞെടുപ്പില്‍ അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കു ധാരണയായെന്ന് അന്‍വര്‍
മഞ്ചേരി: ഉപതെരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന പാലക്കാട്, ചേലക്കര സീറ്റുകളിലേക്കു സിപിഎം-ബിജെപി ധാരണയായെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. മഞ്ചേരിയില്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന സാമൂഹിക സംഘടനയുടെ നയം പ്രഖ്യാപിക്കുന്നതിനിടെയാണ് അന്‍വര്‍ ഇക്കാര്യം പറഞ്ഞത്.
പാലക്കാട് ബിജെപിക്ക് കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു. അതിന്റെ മാറ്റൊലികള്‍ തുടങ്ങിയിട്ടുണ്ട്. ചേലക്കര സീറ്റില്‍ ബിജെപി സിപിഎമ്മിനു വോട്ട് ചെയ്യും. കൃത്യമായ ആസൂത്രണമാണു നടക്കുന്നതെന്ന് അന്‍വര്‍ ആരോപിച്ചു. എഡിജിപി അജിത്കുമാര്‍ ആണ് ഈ പ്ലാനിംഗിനു നേതൃത്വം നല്‍കിയിട്ടുള്ളത്. പാര്‍ലമെന്റില്‍ ഒരു സീറ്റും നിയമസഭയില്‍ ഒരു സീറ്റും. എഡിജിപി ഹോള്‍സെയിലായി ഏറ്റിരിക്കുകയാണ് ഇക്കാര്യം. ഇതൊക്കെയാണു കേരളത്തിലെ രാഷ്ട്രീയചിത്രമെന്നും അന്‍വര്‍ പറഞ്ഞു. ഈ അവിശുദ്ധ കൂട്ടുകെട്ടാണ് ഞാന്‍ തുറന്നുകാട്ടിയത്.