അഭിമുഖത്തിൽ വിവാദം കൊഴുക്കുന്നു, മുഖ്യമന്ത്രിക്കു മൗനം
Thursday, October 3, 2024 5:55 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ ഇംഗ്ലീഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിന്റെ പേരിലുള്ള വിവാദം കത്തിക്കയറുന്പോൾ പിആർ ഏജൻസിയുടെ പങ്കു സംബന്ധിച്ചു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മൗനം പാലിക്കുന്നു.
മുഖ്യമന്ത്രിക്കു പ്രതിരോധം സൃഷ്ടിക്കാൻ രംഗത്തിറങ്ങിയ മന്ത്രിമാരും മാധ്യമങ്ങളുടെ ഇടതുപക്ഷവിരുദ്ധ പ്രചാരണമെന്ന പതിവുപല്ലവി ആവർത്തിച്ച് വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണ്. പത്രത്തിൽ അഭിമുഖം വരുത്തണമെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രിക്കു പിആർ ഏജൻസിയുടെ സഹായം വേണോ എന്ന മറുചോദ്യമാണു മന്ത്രിമാർ ഉയർത്തുന്നത്. എന്നാൽ പിആർ ഏജൻസിയുടെ സഹായം ഇല്ലായിരുന്നു എന്ന് ആരും പറയുന്നുമില്ല.
മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തിയ പ്രതിപക്ഷം രണ്ട് ആക്ഷേപങ്ങളാണു പ്രധാനമായും ഉയർത്തുന്നത്. ഒന്ന്, മുഖ്യമന്ത്രിയെ സഹായിക്കാനുള്ള പിആർ ഏജൻസി ദേശീയതലത്തിൽ ബിജെപിയുമായി അടുപ്പം പുലർത്തുന്നവരാണ്. രണ്ട്, പിആർ ഏജൻസി എഴുതിനൽകിയതെന്നു പറയുന്ന വിവാദഭാഗം മുഖ്യമന്ത്രിയുടെ അറിവോടെതന്നെ നൽകിയതാണ്. മുഖ്യമന്ത്രിയുടെ അറിവോടെയല്ല പിആർ ഏജൻസി നാട്ടിൽ ഭിന്നിപ്പുണ്ടാക്കാൻ വഴിവയ്ക്കുന്ന ഭാഗം എഴുതിനൽകിയതെങ്കിൽ അവർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയാറാകുമോ എന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ അഭിമുഖം പത്രത്തിൽ നൽകാൻ തങ്ങളെ പിആർ ഏജൻസിയാണു സമീപിച്ചതെന്നാണ് ’ദ ഹിന്ദു’ വിശദീകരണകുറിപ്പിൽ പറഞ്ഞത്. മുഖ്യമന്ത്രിയുടെ അഭിമുഖം നടക്കുന്ന സമയത്ത് പിആർ ഏജൻസിയുടെ രണ്ടു പേർ ഒപ്പമുണ്ടായിരുന്നു എന്നും അവർ പറയുന്നു. ഇതു മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇതുവരെ നിഷേധിച്ചിട്ടില്ല. പിആർ ഏജൻസിയുടെ സഹായം തേടിയില്ല എന്നും പറഞ്ഞിട്ടില്ല.
മലപ്പുറത്തെ മോശമായി ചിത്രീകരിച്ചു എന്ന ആക്ഷേപത്തിൽനിന്നു തലയൂരാൻ നടത്തിയ നീക്കം തിരിച്ചടിച്ചതായാണിപ്പോൾ കാണുന്നത്. മുഖ്യമന്ത്രി മലപ്പുറത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തി എന്ന നിലയിൽതന്നെ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയും സിപിഎമ്മും ന്യൂനപക്ഷവിരുദ്ധ നിലപാടിലേക്കു മെല്ലെ മാറുന്നുവെന്നും ആർഎസ്എസ് അന്തർധാര സജീവമാണെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിനു കരുത്തുപകരുന്ന പുതിയൊരു സംഭവമായി ഈ വിവാദത്തെ ചിത്രീകരിക്കാനാണ് പ്രതിപക്ഷം താത്പര്യപ്പെടുന്നത്.
കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പ്രതിച്ഛായ മിനുക്കാൻ പിആർ ഏജൻസിയെ ഉപയോഗിച്ചു എന്നു പറയുന്നതും സിപിഎമ്മിനു ക്ഷീണമായി.
വെട്ടിലാക്കി കൈസണ്
പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിൽ മലപ്പുറം പരാമർശം കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ട ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പിആർ ഏജൻസിക്ക് മലയാളികളുമായി അഭേദ്യ ബന്ധം. കന്പനി പ്രസിഡന്റ് അടക്കം മലയാളിയാണ്.
മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തുന്ന സമയത്ത് പത്രത്തിന്റെ റിപ്പോർട്ടർക്കൊപ്പം കന്പനി സിഇഒ വിനീത് ഹാണ്ഡയും സിപിഎം ഹരിപ്പാട് മുൻ എംഎൽഎ ടി.കെ. ദേവകുമാറിന്റെ മകൻ ടി.ഡി. സുബ്രഹ്മണ്യനും ഉണ്ടായിരുന്നുവത്രെ. ‘കൈസണ്’ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയൻസ് ജീവനക്കാരനാണു സുബ്രഹ്മണ്യൻ. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം അഭിമുഖത്തിൽ പറയാൻ വിട്ടുപോയ ഭാഗമാണെന്നു പറഞ്ഞ് മലപ്പുറം പരാമർശം കൂട്ടിച്ചേർക്കുകയായിരുന്നുവെന്നാണ് സൂചന.
കേരളത്തിലെ പ്രളയം, വയനാട് പുനരധിവാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ദുബായിലെ ഖലീജ് ടൈംസിൽ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖവും ഇതേ പിആർ ഏജൻസി വഴിയാണു നൽകിയത്. മറ്റു രണ്ട് പ്രമുഖ പത്രങ്ങളെയും ഇതേ ആവശ്യവുമായി കന്പനി സമീപിച്ചതായാണു സൂചന.
സർക്കാരിന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് സംവിധാനം നിലവിലുള്ള സാഹചര്യത്തിലാണ് പിആർ ഏജസികളുമായി മുഖ്യമന്ത്രിക്ക് ഇത്തരത്തിലുള്ള ബന്ധമെന്നതു ശ്രദ്ധേയമാണ്.