എഡിജിപിയെ മാറ്റിയേ മതിയാകൂ ; മുഖ്യമന്ത്രിയെയും ഗോവിന്ദനെയും കണ്ട് ബിനോയ് വിശ്വം
Thursday, October 3, 2024 5:55 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു മാറ്റിയേ മതിയാകൂ എന്ന് സിപിഐ. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും നേരിട്ടു കണ്ടാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യം ആവർത്തിച്ചത്.
എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേയാണ് എഡിജിപിയെ മാറ്റണമെന്ന ആവശ്യം സിപിഐ കടുപ്പിച്ചത്. ഡിജിപിയുടെ റിപ്പോർട്ട് വന്നതിനുശേഷം നടപടിയെക്കുറിച്ച് ആലോചിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഇന്നോ നാളെയോ റിപ്പോർട്ട് ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
എന്നാൽ ചുമതലയിൽനിന്ന് എഡിജിപിയെ മാറ്റുന്നതിൽ എന്ത് തടസമാണുള്ളതെന്ന് ബിനോയ് വിശ്വം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഈ നിലപാട് സർക്കാരിനും മുന്നണിക്കും ദോഷംചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ചേരാനിരിക്കേയാണ് ബിനോയ് വിശ്വത്തിന്റെ നീക്കം.