ലോറി ഉടമ മനാഫിനെതിരേ ഗുരുതര ആരോപണവുമായി അര്‍ജുന്റെ കുടുംബം
Thursday, October 3, 2024 5:55 AM IST
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറി ഉടമ മനാഫിനെതിരേ ആരോപണവുമായി കുടുംബം. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുകയാണെന്നും 75,000 രൂപ വരെ അർജുന് ശമ്പളമുണ്ടെന്നു പ്രചാരണം നടക്കുന്നതായും കുടുംബം ആരോപിച്ചു.
നാലാമത്തെ മകനായി അർജുന്റെ മകനെ വളർത്തുമെന്നു മനാഫ് പറഞ്ഞതു വേദനിപ്പിച്ചു. അർജുന്റെ പേരിൽ സമാഹരിക്കുന്ന ഫണ്ട് വേണ്ടെന്നും അര്‍ജുന്റെ കുടുംബത്തിനു ജീവിക്കാനുള്ള വക സര്‍ക്കാര്‍ ചെയ്തുതന്നിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ അർജുന്റെ കുടുംബം വ്യക്തമാക്കി.
മനാഫിനു യുട്യൂബ് ചാനലുണ്ട്. അർജുനോട് സ്നേഹമുണ്ടെങ്കിൽ വീഡിയോ എടുക്കില്ലായിരുന്നു. വീഡിയോ എത്രപേർ കാണുന്നുണ്ടെന്നൊക്കെയാണ് ഇക്കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ അദ്ദേഹം പറയുന്നത്. ലോറിയുടെ ആര്‍സി ഉടമ മനാഫിന്റെ സഹോദരന് മുബീനാണ്. എന്നാല്‍ സഹോദരന് പറഞ്ഞിട്ടുപോലും മനാഫ് ഇത്തരം കാര്യങ്ങള്‍ ചെയ്യുകയാണ്. ഇനിയും ഇതു തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കും.
മനാഫ് വാങ്ങുന്ന പുതിയ ലോറിക്ക് അര്‍ജുന്റെ പേരിടുമെന്നാണു പറയുന്നത്. അതു ചെയ്യരുത്. പല ഫണ്ടുകളും അയാൾക്കു ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് പൈസ വേണ്ട. ഞങ്ങൾ ആരോടും പണം ആവശ്യപ്പെട്ടില്ല. ആരും പണം കൊടുക്കരുത്. മനാഫ് ഫണ്ട് പിരിവ് നടത്തിയെന്നല്ല പറയുന്നത്. പലരും അദ്ദേഹത്തിന്റെ കൈയിൽ പണം നൽകുന്നതായി അറിഞ്ഞിട്ടുണ്ട്. ആരും പണം കൊടുക്കരുതെന്നാണു പറയുന്നത്.
തെരച്ചില്‍ വേളയില്‍ മനാഫും ഈശ്വർ മാൽപെയും തമ്മിൽ നടത്തിയ നാടകമാണിത്. ദിവസവും മൂന്നും നാലും വീഡിയോ ഇടുകയാണ്. ഡ്രഡ്ജര്‍ എത്തിക്കുന്ന കാര്യത്തില്‍പോലും രണ്ടു പേര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല. മനാഫിനെതിരേ പരാതി നല്കാന് കാര്‍വാര്‍ എസ്പിയും എംഎല്‍എയും ആവശ്യപ്പെട്ടിരുന്നു.
എത്ര തവണ ബന്ധപ്പെട്ടിട്ടും മനാഫിന് നിർത്താനുള്ള ഭാവമുണ്ടായിരുന്നില്ല. അർജുനെ കിട്ടിക്കഴിഞ്ഞാൽ എല്ലാം നിർത്തുമെന്നു പറഞ്ഞിരുന്നു, എന്നാൽ പ്രശസ്തിക്കു വേണ്ടി അർജുനെ ചൂഷണം ചെയ്യുകയാണ്. അർജുന്റെ ബൈക്ക് നേരത്തേ നന്നാക്കാൻ കൊടുത്തിരുന്നു. അതു നന്നാക്കിയത് മനാഫ് ആണെന്നു പ്രചരിപ്പിക്കുകയാണ്. അത് യൂട്യൂബിലൂടെ പ്രചരിക്കുകയാണ്. ഞങ്ങളുടെ വൈകാരികത ചൂഷണം ചെയ്യരുതെന്നും കുടുംബം ആവശ്യപ്പെട്ടു.
അര്‍ജുന്റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരിമാരായ അഞ്ജു, അഭിരാമി, സഹോദരന് അഭിജിത്ത്, സഹോദരിയുടെ ഭര്‍ത്താവ് ജിതിന് എന്നിവരാണു വാര്‍ത്താസമ്മേളനം നടത്തിയത്.അര്‍ജുന്റെ സംസ്കാര ച്ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്. ഒപ്പംനിന്ന മാധ്യമങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും നന്ദിപറഞ്ഞുകൊണ്ടാണ് കുടുംബം വാര്‍ത്താസമ്മേളനം ആരംഭിച്ചത്.
ജൂലൈ 16നാണ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായത്. 72ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അര്‍ജുനെ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതുവരെ മനാഫ് ഷിരൂരില്‍ ഉണ്ടായിരുന്നു.
ആരോടും പണം വാങ്ങിയിട്ടില്ല, യുട്യൂബ് ചാനല്‍ തുടങ്ങിയതില്‍ തെറ്റെന്തെന്ന് മനാഫ്
ആരെന്തുപറഞ്ഞാലും ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് അര്‍ജുന്റെ ലോറി ഉടമ മനാഫ്. യുട്യൂബ് ചാനൽ തുടങ്ങുന്നതില്‍ എന്താണ് തെറ്റെന്നും മനാഫ് ചോദിച്ചു. ഷിരൂരിൽ എത്തിയ ശേഷമാണു യുട്യൂബ് ചാനൽ തുടങ്ങിയത്. അത് ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം. “തന്റെ യുട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും അർജുന്റെ ചിത അണയും മുമ്പ് ക്രൂശിക്കുന്നത് എന്തിനാണെന്നും മനാഫ് ചോദിച്ചു.
തനിക്ക് ആരോടെങ്കിലും സംസാരിക്കണം എന്നു കരുതിയാണ് യുട്യൂബ് ചാനൽ തുടങ്ങിയത്. അർജുനെ കിട്ടും വരെ ഉപയോഗിക്കാനാണു യുട്യൂബ് ചാനൽ തുടങ്ങിയത്. ഇനി യുട്യൂബ് ചാനൽ ഉഷാറാക്കും. താന്‍ ആരോടെങ്കിലും പണം വാങ്ങിയെന്ന് തെളിയിച്ചാല്‍ പൊതുജനത്തിന് മുന്നില്നിന്നുതരാം. അവര്‍ കല്ലെറിയട്ടെ”- മനാഫ് പ്രതികരിച്ചു.