എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ വിജിലൻസ് അന്വേഷണം
Friday, September 20, 2024 2:38 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയു ള്ള എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ അനധികൃത സ്വത്ത് സന്പാദനത്തിലും കൈക്കൂലി അടക്കമുള്ള അഴിമതി ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു.
എഡിജിപിക്കെതിരേ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ആഭ്യന്തര- വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി ഇന്നലെ രാത്രി പുറത്തിറക്കി.
അന്വേഷണസംഘത്തെ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ഇന്നു പ്രഖ്യാപിക്കും. തിരുവിതാംകൂർ രാജകുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന തിരുവനന്തപുരം കവടിയാറിൽ കോടികൾ വിലമതിക്കുന്ന ഭൂമി എഡിജിപി വാങ്ങിയതും ഇതിൽ മൂന്നു നില അത്യാഡംബര കെട്ടിടം നിർമിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണപരിധിയിലുണ്ടാകും.
എഡിജിപിക്കെതിരേ ഉയർന്ന സാന്പത്തിക ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബിന്റെ ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ച ശേഷം വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു.
മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരേ ഉയർന്ന അഴിമതിയാരോപണങ്ങളും വിജിലൻസ് വിശദമായി അന്വേഷിക്കും. നിലവിൽ തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് -ഒന്നിന്റെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടന്നുവരുന്നുണ്ട്.
തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് എഡിജിപി അജിത്കുമാർ കൊട്ടാരസദൃശമായ മണിമാളിക പണിയുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് വിജിലൻസിന് എറണാകുളം സ്വദേശി നേരത്തേ പരാതി നൽകിയിരുന്നു.
വിജിലൻസ് ഡയറക്ടർക്ക് ഇമെയിലായി അയച്ച പരാതി അന്വേഷണാനുമതിക്കായി സർക്കാരിനു കൈമാറിയിരുന്നു. പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയ വിജിലൻസ് ഇക്കാര്യത്തിൽ വിശദ അന്വേഷണം വേണമെന്നും സർക്കാരിനെ അറിയിച്ചിരുന്നു.
ഭരണകക്ഷി എംഎൽഎയായ പി.വി. അൻവറും എം.ആർ. അജിത്കുമാറിന്റെ സാന്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എഡിജിപിയുടെ ഭാര്യാസഹോദരൻമാർക്കെതിരേയും അൻവർ ആരോപണം ഉന്നയിച്ചിരുന്നു.
വെള്ളയന്പലം-കവടിയാർ റോഡിൽനിന്ന് മാറി ഗോൾഫ് ക്ലബ്ബിനടുത്ത് കവടിയാർ പാലസ് അവന്യൂവിലെ വീടിന്റെ വിവരങ്ങൾ പി.വി. അൻവറാണ് വെളിപ്പെടുത്തിയത്.
വിജിലൻസ് മേധാവി യോഗേഷ് ഗുപ്തയ്ക്ക് ഡിജിപി റാങ്കുണ്ട്. അതിനാൽ എഡിജിപിക്കെതിരായ അന്വേഷണം വിജിലൻസ് മേധാവിയുടെ മേൽനോട്ടത്തിലാകും നടത്തുക. വിജിലൻസ് ഡയറക്ടർക്കു കീഴിൽ ഐജിമാരില്ലാത്തതു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഡയറക്ടർക്കു താഴെ എസ്പിമാർ മാത്രമാണുള്ളത്.