എഎസ്എംഐ സന്യാസിനീ സമൂഹം സുവര്‍ണജൂബിലി സമ്മേളനം നാളെ
Friday, September 20, 2024 2:37 AM IST
ചങ്ങനാശേരി: സീറോമലബാര്‍ സഭയുടെ പ്രഥമ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ പ്രത്യേക താത്പര്യത്തിലും ദര്‍ശനത്തിലും സ്ഥാപിതമായ എഎസ്എംഐ(അപ്പസ്തോലിക് സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) സന്യാസിനീ സമൂഹം സുവര്‍ണജൂബിലി ആഘോഷത്തിന്റെ ധന്യതയില്‍.
ജീവിതത്തിലുടനീളം മിശിഹായ്ക്ക് സാക്ഷ്യംവഹിക്കുക എന്ന ദര്‍ശനത്തോടെ തുടക്കംകുറിച്ച ഈ പ്രേഷിത സന്യാസിനീ സമൂഹത്തിന് 1974 സെപ്റ്റംബര്‍ 21ന് അമ്പൂരിയിലാണ് തുടക്കമിട്ടത്.
സിസ്റ്റര്‍ ആന്‍സിയാണ് ആദ്യത്തെ മദര്‍ ജനറാള്‍. 2009ല്‍ ഈ സന്യാസിനീ സമൂഹത്തിന്റെ ആസ്ഥാനം ചീരഞ്ചിറയിലേക്കു മാറ്റി. അരനൂറ്റാണ്ടായി ശുശ്രൂഷ നിര്‍വഹിച്ചു വരുന്ന ഈ സന്യാസിനീ സമൂഹത്തിന് കേരളത്തിന് അകത്തും പുറത്തുമായി 20 കോണ്വന്റുകളാണുള്ളത്.
എഎസ്എംഐ സന്യസിനീ സമൂഹത്തിന്റെ സുവര്‍ണ ജൂബിലി ആഘോങ്ങള്‍ നാളെ മൂന്നിന് ചീരഞ്ചിറയിലുള്ള ജനറലേറ്റില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന ജൂബിലി സമ്മേളനവും മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.
തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന് അധ്യക്ഷത വഹിക്കും. അതിരൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് വാണിയപ്പുരയ്ക്കല്‍ സുവനീര്‍ പ്രകാശനം ചെയ്യും. ജോബ് മൈക്കിള്‍ എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍, വൈസ് പ്രസിഡന്റ് സഷിന്‍ തലക്കുളം, എഎസ്എംഐ സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ മേഴ്സി മരിയ, ഫാ.ജോര്‍ജ് പഴയപുര, സിസ്റ്റര്‍ ജ്യോതിസ് എസ്ഡി, സിസ്റ്റര്‍ മേഴ്സി എഎസ്എംഐ, ബേററ്റോ എസ്.കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.