ഗുരുവായൂരില്‍ വീഡിയോഗ്രഫിക്കു നിയന്ത്രണം
Thursday, September 19, 2024 2:19 AM IST
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വീഡിയോഗ്രഫിക്കു നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി.
വിവാഹ ചടങ്ങുകള്‍ക്കും മറ്റു മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രഫി അനുവദിക്കരുതെന്നു ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ചിത്രകാരി ജസ്ന സലീം ക്ഷേത്രപരിസരത്ത് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണു കോടതി ഉത്തരവ്.
ക്ഷേത്രം നടപ്പന്തല്‍ പിറന്നാള്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കു ദര്‍ശനത്തിനു സൗകര്യമൊരുക്കാന്‍ ദേവസ്വം ബോര്‍ഡിനു ബാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗര്‍മാരുടെ വീഡിയോഗ്രഫിയും ഫോട്ടോഗ്രാഫിയും അനുവദിക്കരുതെന്നും ദേവസ്വം ബെഞ്ച് പറഞ്ഞു.
നടപ്പന്തലില്‍ ഭക്തരുമായി വഴക്കുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. സ്ത്രീകള്‍, കുട്ടികള്‍ വൃദ്ധര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് ദര്ശനസൗകര്യമൊരുക്കണം. ഇതിനാവശ്യമായ പോലീസ് സഹായം അഡ്മിനിസ്ട്രേറ്റര്‍ക്കു തേടാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി അടുത്തമാസം 10നു വീണ്ടും പരിഗണിക്കും.