നേതാക്കളെ ഡൽഹിയിൽ വിളിപ്പിച്ച് ശരദ് പവാർ
Thursday, September 19, 2024 2:19 AM IST
തിരുവനന്തപുരം: മന്ത്രിസ്ഥാനം സംബന്ധിച്ചു തർക്കങ്ങൾ തുടരുന്നതിനിടെ കേരളത്തിലെ പാർട്ടി നേതാക്കളെ ഡൽഹിയിൽ വിളിപ്പിച്ച് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ, മന്ത്രി എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ് എംഎൽഎ എന്നിവരോടു നാളെ ഡൽഹിയിൽ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാടിലാണ് ആലപ്പുഴയിലെ എൻസിപി നേതാക്കൾ. എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനത്തു തുടരണമെന്ന ആഗ്രഹക്കാരനാണു പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. എന്നാൽ മന്ത്രിസ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ തർക്കം രൂക്ഷമാകുന്നതിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്.
തർക്കപരിഹാരത്തിനായി ചർച്ചകൾ പി.സി. ചാക്കോയുടെ നേതൃത്വത്തിൽ നിരവധി തവണ നടന്നു. മന്ത്രിസ്ഥാനം ലഭിച്ചേ മതിയാകൂവെന്ന കടുത്ത നിലപാടിൽ തന്നെയാണു തോമസ് കെ. തോമസ്. പ്രശ്നം കേരളത്തിൽ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണു ശരദ് പവാർ സംസ്ഥാന നേതാക്കളെ ഡൽഹിക്കു വിളിപ്പിച്ചിരിക്കുന്നത്.