ആറന്മുള ഉത്രട്ടാതി ജലോത്സവം: കോയിപ്രം, കോറ്റാത്തൂർ-കൈതക്കോടി പള്ളിയോടങ്ങൾ ജേതാക്കൾ
Thursday, September 19, 2024 1:28 AM IST
ആറന്മുള: ആറന്മുള ഉത്രട്ടാതി ജലമേളയില്‍ എ ബാച്ചില്‍ കോയിപ്രം പള്ളിയോടവും ബി ബാച്ചില്‍ കോറ്റാത്തൂര്‍ - കൈതക്കോടി പള്ളിയോടവും ജേതാക്കളായി. ഇരു പള്ളിയോടങ്ങൾക്കും മന്നം ട്രോഫി സമ്മാനിച്ചു.
ആചാരവും അനുഷ്ഠാനവും പാലിച്ച് ആടയാഭരണങ്ങൾ അണിഞ്ഞ് മുത്തുക്കുട ചൂടി പാടിത്തുഴഞ്ഞ 51 പള്ളിയോടങ്ങൾ അണിനിരന്ന നയനാനന്ദകരമായ ഘോഷയാത്രയ്ക്കു ശേഷം നടന്ന മത്സരവള്ളംകളി ഇക്കുറി പൂർണമായി വേഗത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചിരുന്നതിനാൽ ആവേശമേറി.
പന്പയുടെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് പ്രാഥമികപാദത്തിലും പിന്നീട് ഫൈനലിലും മികവ് പുലർത്തിയാണ് കോയിപ്രവും കോറ്റാത്തൂർ കൈതക്കോടിയും മന്നം ട്രോഫിയിൽ മുത്തമിട്ടത്.
ഒന്‍പത് ഹീറ്റ്സുകളിലായി 33 പള്ളിയോടങ്ങള്‍ പങ്കെടുത്ത എ ബാച്ച് ഒന്നാം പാദമത്സരത്തില്‍ വേഗതയില്‍ വിസ്മയം തീര്‍ത്ത നെല്ലിക്കല്‍, കോയിപ്രം, ഇടനാട്, ഇടപ്പാവൂര്‍ - പേരൂര്‍ എന്നീ പള്ളിയോടങ്ങള്‍ ഫൈനലിലെത്തി. ആവേശകരമായ മത്സരത്തില്‍ കോയിപ്രം ഒന്നാമതും ഇടനാട് രണ്ടാമതും ഇടപ്പാവൂര്‍ - പേരൂര്‍ മൂന്നാമതും നെല്ലിക്കല്‍ നാലാമതും ഫിനിഷ് ചെയ്തു.