അടിമുടി മാറ്റത്തിനു കെഎസ്ഇബി; പ്രതിമാസ ബില്ലിംഗ് ഉടന്‍ വന്നേക്കും
Wednesday, September 18, 2024 1:57 AM IST
തിരുവനന്തപുരം: വൈദ്യുതി ഉപയോക്താക്കളില്‍നിന്ന് നേരിടേണ്ടി വരുന്ന വ്യാപക വിമര്‍ശനങ്ങളുടെയും രൂക്ഷമായ പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കെഎസ്ഇബി.
പ്രതിമാസ ബില്ലിംഗ് ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഉപയോക്താക്കളുടെ വിമര്‍ശനങ്ങള്‍ ഒഴിവാക്കുന്നത് കെഎസ്ഇബി സജീവമായി പരിഗണിക്കുകയാണ്.
ഉപയോക്താക്കള്‍ക്കു സ്വന്തമായി റീഡിംഗ് നടത്തി ബിൽ അടയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതും ബില്ലിനൊപ്പം ക്യൂആര്‍ കോഡ്കൂടി ഉള്‍പ്പെടുത്തി ഉടന്‍ പേയ്മെന്റ് നടത്തുന്നതും താമസിയാതെ നിലവില്‍ വന്നേക്കും. ഇതിനു പുറമേ ബില്‍ നല്കുമ്പോള്ത്തന്നെ ബില്ലിംഗ് മെഷീന് ഉപയോഗിച്ചുതന്നെ ഉപയോക്താക്കള്‍ക്കു പണമടയ്ക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തുന്നതു സജീവ പരിഗണനയിലാണ്.
നിലവില്‍ രണ്ടു മാസം കൂടുമ്പോഴാണ് കെഎസ്ഇബി ഉപയോക്താക്കള്‍ക്കു ബിൽ നല്‍കുന്നത്. എന്നാല്‍ ഇത് അശാസ്ത്രീയമാണെന്ന വിമര്‍ശനം ഏറെക്കാലമായി വ്യാപകമായി ഉയരുന്നുണ്ട്. രണ്ടു മാസത്തെ ബില്‍ ഒന്നിച്ച് അടയ്ക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് വലിയ തുക കൊടുക്കേണ്ടി വരുന്നെന്നാണ് വിമര്‍ശനം.
രണ്ടു മാസത്തില്‍ 200 യൂണിറ്റിനു മുകളില്‍ ഉപയോഗം കടന്നാല്‍ തുടര്‍ന്നുള്ള ഓരോ യൂണിറ്റിനും ഉയര്‍ന്ന താരിഫായ എട്ട് രൂപ 20 പൈസ കൊടുക്കേണ്ടി വരുന്നു. ഇത് അധിക ബാധ്യതയാണെന്നാണ് ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, പ്രതിമാസ ബില്ലിംഗ് ഏര്‍പ്പെടുത്തുമ്പോള്‍ കെഎസ്ഇബിക്കും ചെലവേറും. നിലവില്‍ ഒരു മീറ്റര്‍ റീഡിംഗിന് ശരാശരി ഒന്‍പത് രൂപയാണു കെഎസ്ഇബി ചെലവാക്കുന്നത്. പ്രതിമാസ ബില്ലിംഗ് വന്നാല്‍ ഇതിന്റെ ഇരട്ടി തുക ചെലവാക്കേണ്ടതായി വരും.
ഇത് മറികടക്കാനാണ് ഉപയോക്താക്കളെക്കൊണ്ടുതന്നെ റീഡിംഗ് നടത്തിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത്. അതത് സെക്ഷന്‍ ഓഫീസുകളില്‍ വിവരം കൈമാറിയ ശേഷം ഉപയോക്താവിനു ബില്‍ അടയ്ക്കാന്‍ കഴിയുന്ന സംവിധാനമാണ് ആലോചിക്കുന്നത്.