ബെവ്കോയുടെ പരസ്യം: കെസിബിസി മദ്യവിരുദ്ധസമിതി നിയമനടപടിക്ക്
Wednesday, September 18, 2024 1:57 AM IST
കൊച്ചി: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യവീഡിയോ പുറത്തുവിട്ട സംസ്ഥാന ബിവറേജസ് കോര്‍പറേഷനെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി.
ജനത്തെ മദ്യശാലകളിലേക്ക് ആകര്‍ഷിക്കാന്‍ അബ്കാരി ചട്ടലംഘനം നടത്തുന്ന വീഡിയോ പുറത്തുവിട്ടവർക്കെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നു പിഒസിയിൽ നടന്ന സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
കേരള അബ്കാരി ചട്ടത്തിന്റെ ലംഘനത്തിന് ആറു മാസം തടവോ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണു ബെവ്കോ അധികാരികൾ നടത്തിയിട്ടുള്ളത്. കുടിക്കൂ... വരൂ.... ക്യൂവിലണിചേരൂ! ആഡംബരങ്ങള്‍ക്ക് കൈത്താങ്ങാകൂ! എന്ന് ആഹ്വാനം ചെയ്യുന്ന പരസ്യവീഡിയോയിലൂടെ മദ്യാസക്തിയെ സര്‍ക്കാരും ബെവ്കോയും ചൂഷണം ചെയ്യുകയാണ്. സര്‍ക്കാരിന് 2024-25 വര്‍ഷത്തില്‍ മദ്യനയമില്ല; ‘കട്ടപ്പുറത്തെ നയ’ മാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
പൊതുജനത്തിന്റെ ശാരീരിക-മാനസികാരോഗ്യത്തിനു സർക്കാർ തെല്ലും വില കല്പിക്കുന്നില്ല. യഥേഷ്ടം മദ്യശാലകള്‍ അനുവദിക്കുകയാണു സര്‍ക്കാര്‍. നയം രൂപി കരിക്കാതെ നാഥനില്ലാക്കളരിയാകുകയാണ് എക്സൈസ് വകുപ്പ്.
എംഡിഎംഎ പോലുള്ള മാരക രാസലഹരികള്‍ സംസ്ഥാനത്ത് യഥേഷ്ടം എത്തിച്ചേരുകയും ദുരുപയോഗം ചെയ്യപ്പെടുകയുമാണ്. സ്കൂള്‍ കുട്ടികളെപ്പോലും ഇതിന്റെ വാഹകരും ഉപയോക്താക്കളുമായി ലഹരിമാഫിയ മാറ്റുന്നു. ഈയൊരു അവസ്ഥയ്ക്കു സര്‍ക്കാര്‍ തടയിടണം. അല്ലാത്തപക്ഷം മാനസിക രോഗികളുടെ നാടായി കേരളം മാറുമെന്നും യോഗം മുന്നറിയിപ്പു നൽകി.
മദ്യവിരുദ്ധ കമ്മീഷന് സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിച്ചു. ചെയര്മാന് ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയൊഡോഷ്യസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഭാരവാഹികളായ വി.ഡി. രാജു, സി.എക്സ്. ബോണി, ഫാ. സണ്ണി മഠത്തില്‍, ഫാ. ആന്റണി അറയ്ക്കല്‍, കെ.പി. മാത്യു, ഫാ.ദേവസി പന്തല്ലൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.