റേഷൻ കാർഡ് മസ്റ്ററിംഗ് : കേന്ദ്ര അരിവിഹിതം കുറയും
Wednesday, September 18, 2024 1:57 AM IST
പത്തനംതിട്ട: റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാകുന്നതോടെ കേരളത്തിന് ലഭിക്കുന്ന കേന്ദ്ര അരിവിഹിതത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് ആശങ്ക. ഇത് പൊതുകമ്പോളത്തിൽ അരിവില വർധിക്കുന്നതിനു കാരണവുമായേക്കാം.
ഇപ്പോൾ ഒന്നരക്കോടി പേർക്ക് മാത്രമാണ് കേന്ദ്രം റേഷൻ നൽകുന്നത്. രണ്ടുകോടി ജനങ്ങൾക്ക് നൽകാൻ കേന്ദ്രം അരി നൽകുന്നില്ല. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ 2013ലെ ഭക്ഷ്യ സുരക്ഷാ നിയമത്തിൽ കേന്ദ്രം അനുവദിച്ചിരിക്കുന്നത് 14.25 ലക്ഷം ടൺ അരിയാണ്.
അഞ്ചുലക്ഷത്തോളം വരുന്ന അന്ത്യോദയ കാർഡുകാർ ഒഴിച്ചുള്ള കാർഡുകാർക്ക് ഒരു അംഗത്തിന് അഞ്ച് കിലോ ധാന്യംവച്ചാണ് ലഭിക്കുന്നത്. നിലവിലെ കേരളത്തിലെ സാഹചര്യത്തിൽ 30 ശതമാനം അംഗങ്ങൾ വിദേശത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പഠനത്തിനും ജോലിക്കുമായി പോയിരിക്കുകയാണ്.
ഇവർക്ക് മസ്റ്ററിംഗ് നടത്താൻ സാധിക്കാത്തത് മൂലം റേഷൻ കിട്ടാനുള്ള അർഹത ഇല്ലാതാകുമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ പറഞ്ഞു.
ഭക്ഷ്യസുരക്ഷാ നിയമം വരുന്നതിനു മുൻപ് ഓരോ ബിപിഎൽ കാർഡിനും 25 കിലോ ധാന്യം ലഭിച്ചിരുന്നു. അത് പിന്നീട് കാർഡിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങൾക്കായി പരിമിതപ്പെടുത്തിയതുമൂലം ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചതും കേരളത്തെയാണ്. ഇതിനിടെ മസ്റ്ററിംഗ് ഇന്ന് പുനരാരംഭിക്കുകയാണ്. പ്രധാനമായും മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് ആണ് നടക്കുന്നത്.
മറ്റുള്ള കാർഡ് അംഗങ്ങളുടെ കാര്യത്തിൽ മസ്റ്ററിംഗ് നിർബന്ധമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. എട്ടര ലക്ഷം പേർ മാത്രമാണ് ഇതുവരെ മസ്റ്ററിംഗ് നടത്തിയത്. മഞ്ഞ, പിങ്ക് വിഭാഗങ്ങളിലെ 41 ലക്ഷം കാർഡിൽ ഒന്നരക്കോടി അംഗങ്ങളാണ് മസ്റ്ററിംഗ് നടത്താനുള്ളത്.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ വീടുകളിൽ എത്തി മസ്റ്ററിംഗ് നടത്തും. ഇന്നു മുതൽ 24 വരെ തിരുവനന്തപുരം ജില്ല, 25 മുതൽ ഒക്ടോബർ രണ്ടുവരെ ആലപ്പുഴ, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലും ഒക്ടോബർ മൂന്നു മുതൽ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലും മസ്റ്ററിംഗ് നടക്കാൻ കഴിയുന്നതുപോലെയാണ് ക്രമീകരണം.