സിനിമാ മേഖലയിലെ പുതിയ സംഘടന: നല്ലതെങ്കില്‍ ഭാഗമാകുമെന്ന് ടൊവിനോ
Wednesday, September 18, 2024 12:07 AM IST
കൊച്ചി: സിനിമാ മേഖലയില്‍ പുതിയതായി വരുന്ന സംഘടന മികച്ചതാണെങ്കില്‍ അതിന്റെ ഭാഗമാകുമെന്നു നടന് ടൊവിനോ തോമസ്.
അതേസമയം, നിലവില്‍ ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമല്ല. നിലവില്‍ താന്‍ അമ്മ സംഘടനയുടെ ഭാഗമാണ്. പുരോഗമനപരമായി എന്തു കാര്യം നടന്നാലും നല്ലതാണ്. അതിന്റെ ഭാഗമാകുമെന്നും ടൊവിനോ പറഞ്ഞു.
മലയാള സിനിമയില്‍ നിലവിലുള്ള സംഘടനകള്‍ക്കു ബദലായി പുതിയ സംഘടന രൂപവത്കരിക്കാനുള്ള നീക്കവുമായി സംവിധായകരായ അഞ്ജലി മേനോന്, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, നടി റിമ കല്ലിങ്കല്‍, ചലച്ചിത്ര പ്രവര്ത്തകന് ബിനീഷ് ചന്ദ്ര എന്നിവര്‍ രംഗത്തെത്തിയിരുന്നു.
ഇതു ചൂണ്ടിക്കാട്ടി ഇവര്‍ സിനിമ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രസ്താവന നല്‍കിയിരുന്നു. തൊഴിലാളികളുടെ ശക്തീകരണം ലക്ഷ്യമാക്കിയാണു പുതിയ സംഘടന രൂപവത്കരിക്കുന്നതെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
വ്യാജപതിപ്പ് സിനിമാ വ്യവസായത്തെ ബാധിക്കും
നെടുമ്പാശേരി : സിനിമയുടെ വ്യാജപതിപ്പുകൾ പ്രചരിക്കുന്നത് സിനിമാ വ്യവസായത്തെ ആകെ ബാധിക്കുന്ന വിഷയമാണെന്നും ഇതിനു പിന്നിൽ ഒരു സംഘംതന്നെ പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും സിനിമാതാരം ടൊവിനോ തോമസ്.
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന് ലാല്‍ സംവിധാനം ചെയ്ത് ഓണം റിലീസായി തിയറ്ററുകളിലെത്തിയ എആര്‍എം (അജയന്റെ രണ്ടാം മോഷണം) എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് കഴിഞ്ഞ ദിവസമാണു പുറത്തായത്.
ട്രെയിന്‍യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം പുറത്തു വന്നതോടെയാണ് ഇത് വാർത്തയായത്. “ഒരു സുഹൃത്താണ് ഇത് എനിക്ക് അയച്ചുതന്നത്.
ഹൃദയഭേദകം. വേറെ ഒന്നും പറയാനില്ല. ടെലിഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ. അല്ലാതെ എന്തു പറയാനാ’’ എന്ന കുറിപ്പോടെ ലഘു വീഡിയോയ്ക്കൊപ്പം സംവിധായകന് ജിതിന് ലാല്‍തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യം പങ്കുവച്ചത്.