വള്ളത്തിൽനിന്നു വീണ തുഴച്ചിലുകാരൻ മരിച്ചു
Wednesday, September 18, 2024 12:06 AM IST
ചെങ്ങന്നൂർ: വള്ളത്തിൽനിന്ന് വെള്ളത്തിൽ വീണ തുഴച്ചിലുകാരൻ മരിച്ചു. പാണ്ടനാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ മുതവഴി നടുവിലേത്ത് ഹരിദാസിന്റെയും രമണിയുടെയും മകൻ അപ്പുവെന്നു വിളിക്കുന്ന വിഷ്ണുദാസ് (22) ആണ് മരിച്ചത്.
ഇന്നലെ നടന്ന ഗുരു ചെങ്ങന്നൂർ ട്രോഫി ചതയം ജലോത്സവത്തിനിടയിൽ മുതവഴി, കോടിയാട്ടുകര പള്ളിയോടങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുതവഴി വള്ളത്തിൽനിന്നു വിഷ്ണു വെള്ളത്തിൽ വീഴുകയായിരുന്നു.
ഫയർ ഫോഴ്സും നാട്ടുകാരും വെള്ളത്തിലിറങ്ങി കരയ്ക്കു കയറ്റി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബി ബാച്ച് മത്സരങ്ങൾ അവസാനിക്കാറായപ്പോഴാണ് പള്ളിയോടങ്ങൾ അപകടത്തിൽപ്പെട്ടത്. തുടർന്ന് വള്ളംകളിയുടെ ഫൈനൽ ഉപേക്ഷിച്ചു.