ജയിന് -കുസാറ്റ് സംയുക്ത ഗവേഷണത്തിന് ഐസിഎസ്എസ്ആറിന്റെ ധനസഹായം
Wednesday, September 18, 2024 12:06 AM IST
കൊച്ചി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് (ഐസിഎസ്എസ്ആര്‍) വികസിത് ഭാരത് 2047ന്റെ ഭാഗമായി നടപ്പാക്കുന്ന സംയുക്ത ഗവേഷണ-പഠന പദ്ധതിയിലേക്ക് കൊച്ചി ജയിന് യൂണിവേഴ്സിറ്റിയും കുസാറ്റും തെരഞ്ഞെടുക്കപ്പെട്ടു. ഇരു യൂണിവേഴ്സിറ്റികളും സംയുക്തമായി നടത്തുന്ന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ ഗ്രാന്റും ( 17,00,000 രൂപ) ലഭിച്ചിട്ടുണ്ട്.
ഉള്‍നാടന്‍ ജലഗതാഗത പദ്ധതികളില്‍ ആദ്യത്തെ ചുവടുവയ്പായ കൊച്ചി വാട്ടര്‍ മെട്രോയുമായി ബന്ധപ്പെടുത്തിയാണു പഠനം. മാനേജ്മെന്റ്, ഫിഷറീസ്, ഷിപ്പ് ടെക്നോളജി എന്നീ വ്യത്യസ്തമേഖലകളില്‍ വൈദഗ്ധ്യമുള്ള സംഘം കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രധാന വശങ്ങള് കേന്ദ്രീകരിച്ച് സമഗ്ര പഠനം നടത്തും.
ജയിന് യൂണിവേഴ്സിറ്റി കൊച്ചി കാമ്പസിലെ സിഎംഎസ് ബിസിനസ് സ്കൂള്‍ ഡയറക്ടറും അസോ. പ്രഫസറുമായ ഡോ. ഗിരീഷ് എസ്. പതിയാണ് പഠനപദ്ധതിയുടെ ഏകോപനം നിര്‍വഹിക്കുന്നത്.