മോട്ടോർ വാഹന വകുപ്പിന്റെ സർവീസ് ചാർജിന് ഹൈക്കോടതിയുടെ സ്റ്റേ
Sunday, September 15, 2024 2:27 AM IST
റെനീഷ് മാത്യു
കണ്ണൂർ: ചെക്ക്പോസ്റ്റുകളിലൂടെ സർവീസ് ചാർജ് നൽകാതെ കടന്നുപോയ വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി ചാർജ് ഈടാക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. സർവീസ് ചാർജ് പിരിക്കുന്ന നടപടികൾ നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടു.
2018 സെപ്റ്റംബർ 24 മുതൽ 2022 മാർച്ച് 31 വരെ ചെക്ക്പോസ്റ്റ് വഴി പോകുന്ന വാഹനങ്ങളിൽനിന്ന് സർവീസ് ചാർജ് തുകയായ 105 രൂപ ഈടാക്കാതെ വിട്ടുപോയതായി അക്കൗണ്ട് ജനറൽ നടത്തിയ ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു.
തുടർന്ന്, സർവീസ് ചാർജ് അടയ്ക്കാതെ പോയ വാഹനങ്ങളെ മോട്ടോർ വാഹന വകുപ്പ് ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ചെക്ക്പോസ്റ്റ് വഴി ഈ വാഹനങ്ങൾക്കുള്ള സേവനവും നൽകിയിരുന്നില്ല.
ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ട വാഹനങ്ങൾ അതത് ആർടി ഓഫീസിൽ സർവീസ് ചാർജ് അടയ്ക്കണമെന്നും ഉത്തരവിട്ടിരുന്നു. മോട്ടോർവാഹന വകുപ്പിന്റെ ഈ ഉത്തരവാണു സ്റ്റേ ചെയ്തിരിക്കുന്നത്.