റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 10.2 ലക്ഷം തട്ടിയ അഞ്ചുപേർക്കെതിരേ കേസ്
Sunday, September 15, 2024 1:29 AM IST
ചീമേനി (കാസർഗോഡ്): റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 10.2 ലക്ഷം രൂപ തട്ടിയെടുത്തതിന് അഞ്ചുപേർക്കെതിരേ കേസ്.
ചീമേനിയിലെ എൻ.വിജയന്റെ പരാതിയിൽ കണ്ണൂർ മക്രേരിയിലെ ലാൽചന്ദ്, ചൊക്ലിയിലെ കെ. ശശി, കൊല്ലം പുനലൂരിലെ ശരത് എസ്.ശിവൻ, ഇയാളുടെ ഭാര്യ എബി, പുനലൂരിലെ ഗീതാറാണി എന്നിവർക്കെതിരേയാണു ചീമേനി പോലീസ് കേസെടുത്തത്.
ഹൈക്കോടതി അഭിഭാഷകനാണെന്നും ഡോക്ടറാണെന്നുമൊക്കെ പറഞ്ഞാണു സംഘം ഇരകളെ ബന്ധപ്പെട്ടിരുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബരജീവിതത്തിനായി ഉപയോഗിക്കുകയായിരുന്നു.
കണ്ണൂർ മക്രേരി സ്വദേശിയായ ഒരാളിൽനിന്നു സംഘം സമാന രീതിയിൽ പണം തട്ടിയെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചക്കരക്കല്ല് പോലീസ് എറണാകുളം കടവന്ത്രയിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ കൊല്ലം കൊട്ടിയം സ്വദേശിനിയായ നിയ(28)യെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണു ശരത്തിന്റെയും ഗീതാറാണിയുടെയും വിവരങ്ങൾ ലഭിച്ചത്. തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂർ, പിണറായി പോലീസ് സ്റ്റേഷനുകളിലും ഇവർക്കെതിരേ കേസുകളുണ്ട്.