സ്കൂൾ വരാന്തയിൽ വച്ച് അധ്യാപികയ്ക്കു പാമ്പുകടിയേറ്റു
Saturday, September 14, 2024 2:22 AM IST
നീലേശ്വരം: സ്കൂൾ വരാന്തയിൽ വച്ച് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക വിദ്യ (46)ക്കാണു പാമ്പുകടിയേറ്റത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച അധ്യാപികയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല.
ഇന്നലെ രാവിലെ 10ഓടെ സ്കൂളിന്റെ വരാന്തയിൽനിന്നു ക്ലാസ് മുറിയിലേക്കു കയറുമ്പോഴാണ് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റത്. വാതിൽ പടിയോടു ചേർന്ന ഭാഗത്തുനിന്നാണു കാൽവിരലിൽ കടിയേറ്റത്.
ഉടൻതന്നെ വിദ്യാർഥികളോടും മറ്റ് അധ്യാപകരോടും കാര്യം പറയുകയും മുറിവ് കഴുകി മുകൾഭാഗം കെട്ടി ആശുപത്രിയിലേക്കു പോകുകയുമായിരുന്നു. പാമ്പിനെ സ്കൂൾ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തല്ലിക്കൊന്നു.
പിന്നീട് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചപ്പോൾ വിഷമില്ലാത്ത പാമ്പാണെന്നു വ്യക്തമായി. അധ്യാപിക ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ ഇന്ന് ഡിസ്ചാർജ് ചെയ്യും.
സ്കൂളിന്റെ കോ-ഓപ്പറേറ്റീവ് സ്റ്റോറിന് സമീപത്തെ അടഞ്ഞുകിടന്ന മുറി ഓണാഘോഷത്തോടനുബന്ധിച്ച് തുറന്നിരുന്നു. ഈ മുറിക്ക് സമീപത്തെ വരാന്തയിൽ വച്ചാണ് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റത്. ഈ മുറിയിൽനിന്നാണോ അതോ സമീപത്തെ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണോ പാമ്പ് വന്നതെന്നു വ്യക്തമല്ല.