ജെൻസനെ ശ്രുതി കണ്ടു; നാടൊന്നിച്ച് വിടചൊല്ലി..!
Friday, September 13, 2024 2:27 AM IST
കൽപ്പറ്റ: വെള്ളാരംകുന്നിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ച ജെൻസന്(28) ആയിരങ്ങളുടെ അശ്രുപൂജ.
ജെൻസനു വിട ചൊല്ലാൻ മൃതദേഹം പൊതുദർശനത്തിനു വച്ച ആണ്ടൂർ ഗ്ലോറിസ് ഓഡിറ്റോറിയത്തിലും വസതിയിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് എത്തിയത്. ജെൻസന്റെ മൃതദേഹത്തിനു മുന്നിൽ അമ്മയും കുടുംബാംഗങ്ങളും വാവിട്ടു കരഞ്ഞത് കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.
മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച ജെൻസന്റെ മൃതദേഹം ഇന്നലെ രാവിലെ പത്തോടെയാണ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഉച്ചയോടെ ലിയോ ആശുപത്രിയിൽ എത്തിച്ചു. പ്രിയപ്പെട്ടവന്റെ ജീവനറ്റ ശരീരത്തിനു മുന്നിൽ വിതുന്പിയ പ്രതിശുത വധു ശ്രുതി മറ്റൊരു കണ്ണീർക്കാഴ്ചയായി.
ബുധനാഴ്ച രാത്രി ശ്രുതിയെ മേപ്പാടിയിലെ ആശുപത്രിയിൽ കൊണ്ടുപോയി ജെൻസനെ കാണാൻ സൗകര്യം ഒരുക്കിയെങ്കിലും മരണവിവരം അറിയിച്ചിരുന്നില്ല. കൽപ്പറ്റയിൽനിന്ന് ആണ്ടൂരിലെത്തിച്ച മൃതദേഹം ഒരു മണിക്കൂറോളം പൊതുദർശനത്തിനു വച്ചു.
ജില്ലാ ഭരണകൂടത്തിനുവേണ്ടി കളക്ടർ ഡി.ആർ. മേഘശ്രീ റീത്ത് സമർപ്പിച്ചു. വൈകുന്നേരം അഞ്ചരയോടെ ആണ്ടൂർ ഒന്നേയാർ നിത്യസഹായമാതാ പള്ളിയിലായിരുന്നു ജെൻസന്റെ സംസ്കാരം. അന്പലവയൽ ആണ്ടൂർ പരിമളത്തിൽ ജയൻ-മേരി ദന്പതികളുടെ മകനായ ജെൻസൻ ബുധനാഴ്ച രാത്രിയാണു മരിച്ചത്.
പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയുമടക്കം കുടുംബത്തിലെ ഒന്പത് അംഗങ്ങളെ നഷ്ടമായ ചൂരൽമല സ്വദേശിനി ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൻ.
സ്കൂൾ കാലം മുതൽ സൗഹൃദത്തിലായിരുന്ന ജെൻസന്റെയും ശ്രുതിയുടെയും വിവാഹം ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കെയായിരുന്നു ഉരുൾദുരന്തം. നഴ്സായ ശ്രുതി കോഴിക്കോട് ജോലിസ്ഥലത്തായിരുന്നതിനാലാണു ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടത്.
ഉറ്റവർ നഷ്ടമായതിന്റെ തീരാദുഃഖത്തിൽ മാനസികമായി തകർന്ന ശ്രുതിക്ക് ആശ്വാസം പകർന്നതു ജെൻസനും കുടുംബാംഗങ്ങളുമാണ്. വിവാഹം നിശ്ചയിച്ചതിലും നേരത്തേയാക്കാനും ജെൻസനും വീട്ടുകാരും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് വാഹനാപകടം മറ്റൊരു ദുരന്തമായി മാറിയത്.
ജെൻസനും ശ്രുതിയും മറ്റും സഞ്ചരിച്ച ഓംനി വാൻ സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഒന്പത് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൽ ജെൻസൻ ഒഴികെയുള്ളവരുടെ പരിക്ക് മാരകമല്ല. കാൽ ഒടിഞ്ഞ ശ്രുതി കൽപ്പറ്റ ലിയോ ആശുപത്രിയിലാണ്.