ചരിത്ര നേട്ടവുമായി കേരളം
Friday, September 13, 2024 1:23 AM IST
തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 10 പേരെയും ഡിസ്ചാർജ് ചെയ്തു.
ആദ്യംതന്നെ കൃത്യമായി രോഗനിർണയം നടത്തുകയും മിൽട്ടിഫോസിൻ ഉൾപ്പെടെയുള്ള മരുന്നുകൾ എത്തിച്ച് ഫലപ്രദമായ ചികിത്സ നൽകുകയും ചെയ്തത് കൊണ്ടാണ് ഇത്രയേറെ പേരെ ഭേദമാക്കാൻ കഴിഞ്ഞത്. തിരുവനന്തപുരത്ത് മരണമടഞ്ഞയാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനു പിന്നാലെ ആരോഗ്യ വകുപ്പ് ശക്തമായ നടപടികളാണു സ്വീകരിച്ചത്.
ചികിത്സയിലുള്ളവർക്ക് മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് പ്രത്യേക എസ്ഒപി തയാറാക്കിയാണു തുടർചികിത്സ ഉറപ്പാക്കിയത്. ആഗോള തലത്തിൽ 97 ശതമാനം മരണനിരക്കുള്ള രോഗമാണിത്.
എന്നാൽ, കേരളത്തിലെ മരണനിരക്ക് 26 ശതമാനമായി കുറയ്ക്കാൻ സാധിച്ചു. ലോകത്താകെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 25 പേർ മാത്രമാണ്. അതേ സമയം, ഈ 10 പേർ ഉൾപ്പെടെ ഇതുവരെ 14 പേരെ രോഗമുക്തരാക്കാൻ കേരളത്തിനു കഴിഞ്ഞു.