സിപിഐക്കു പിണറായിയെ കാണുന്പോൾ മുട്ടിടിക്കും: ചെന്നിത്തല
Friday, September 13, 2024 1:23 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയെക്കൊണ്ട് ഉടൻ നടപടിയെടുപ്പിക്കുമെന്നു വീന്പടിച്ചു പോയ സിപിഐ പിണറായിയെ കണ്ടതോടെ മുട്ടിടിച്ചു നിലപാട് മാറ്റിയെന്ന് കോണ്ഗ്രസ് പ്രവർത്തക സമതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പത്രക്കാരെ കാണുന്പോഴുള്ള ആവേശവും നിലപാടും പിണറായി വിജയനെ കാണുന്പോഴില്ല. ഇത്ര നാണം കെട്ട് എൽഡിഎഫ് സംവിധാനത്തിൽ തുടരുന്നതു സിപിഐയുടെ ഗതികേടാണ്.
എഡിജിപിക്കെതിരേ ഒരു ചെറുവിരലനക്കിക്കാൻ മൊത്തം എൽഡിഎഫ് സംവിധാനം വിചാരിച്ചിട്ടും സാധിച്ചില്ല. മുഖ്യമന്ത്രിക്കു മേൽ എൽഡിഎഫിനേക്കാൾ സ്വാധീനമാണ് എഡിജിപിക്ക്. ഈ സ്വാധീനത്തിന്റെ പിന്നിലെ രഹസ്യമറിയാൻ കേരള ജനതയ്ക്കു താത്പര്യമുണ്ട്.
പിണറായിയുടെ കാർമികത്വത്തിൽ നടന്ന മലപ്പുറം സ്ഥലംമാറ്റ ഡീലോടുകൂടി പി.വി. അൻവർ ഏറെക്കുറെ ഒതുങ്ങിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.