ജോലി വാഗ്ദാനം നൽകി കോടികൾ തട്ടിയ സംഭവം: രണ്ടു പേർ അറസ്റ്റിൽ
Friday, September 13, 2024 1:23 AM IST
തലശേരി: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കോടികൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.
കേസിലെ മൂന്നാംപ്രതി തിരുവനന്തപുരം മലയിൻകീഴ് വിവേകാനന്ദ നഗറിൽ അനിത്തിൽ ഗീതാറാണി (65), രണ്ടാം പ്രതി പുനലൂർ ഐക്കരക്കോണം കക്കോട് ശ്രുതിലയത്തിൽ ശരത്ത് എസ്. ശിവൻ (34) എന്നിവരെയാണു തലശേരി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽനിന്നും വിലപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ ഗീതാറാണി കേരളത്തിലെ ഒരു എംപിയുടെ പിഎ ആയിരുന്നെന്നും പറയപ്പെടുന്നു.
ഇന്ത്യൻ റെയിൽവേയിൽ ക്ലർക്ക്, ട്രെയിൻ മാനേജർ, സ്റ്റേഷൻ മാനേജർ തുടങ്ങിയ ജോലികൾ വാഗ്ദാനം ചെയ്താണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. ഗീതാ റാണി സമാനമായ മറ്റ് ഏഴു കേസുകളിൽ പ്രതിയാണെന്നു പോലീസ് പറഞ്ഞു.
കൊയ്യോട് സ്വദേശി ശ്രീകുമാർ, ഭാര്യാസഹോദരൻ ഇരിട്ടി പായത്തെ അരുൺ എന്നിവർ നൽകിയ പരാതിയിലാണു ഗീതാറാണി ഉൾപ്പെടെ മൂന്നു പേരെ പ്രതിചേർത്ത് തലശേരി ടൗൺ പോലീസ് കേസെടുത്തത്.
ഇവരിൽനിന്ന് 36 ലക്ഷം രൂപയാണ് പ്രതികൾ കൈക്കലാക്കിയത്. ഒന്നാം പ്രതിയും സിപിഎം നേതാവും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന ചൊക്ലി നെടുന്പ്രത്തെ കെ. ശശിയെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.
റെയിൽവേ റിക്രൂട്ടിംഗ് ബോർഡ് സീനിയർ ഓഫീസർ ചമഞ്ഞാണ് ഗീതാറാണി തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അന്വഷണത്തിൽ കണ്ടെത്തിയിരുന്നു. ശ്രീകുമാറിന് ആദ്യം റെയിൽവേയിൽ ക്ലാർക്ക് ജോലിയാണു വാഗ്ദാനം ചെയ്തത്. 18 ലക്ഷം രൂപയാണ് ഇതിനായി കൈപ്പറ്റിയത്.
തുടർന്ന് വ്യാജ അപ്പോയ്ന്റ്മെന്റ് ലെറ്റർ നൽകുകയും തൃശിനാപ്പിള്ളിയിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിക്കാൻ നിർദേശിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസംതന്നെ, ബിടെക് ബിരുദമുള്ളതിനാൽ ട്രെയിൻ മാനേജർ തസ്തിക നൽകാമെന്നു പറഞ്ഞ് 20 ലക്ഷം രൂപ കൂടി വാങ്ങി വ്യാജ നിയമന ഉത്തരവ് നൽകി ബംഗളൂരുവിൽ ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ചു.
ജോലിയിൽ ചേരാനെത്തിയപ്പോഴാണ് ശ്രീകുമാറിനു തട്ടിപ്പ് മനസിലായത്.