ഓട്ടിസം ബാധിതരായ മക്കളെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ പ്രവാസി വനിതയ്ക്ക് അനുമതി
Friday, September 13, 2024 1:23 AM IST
കൊച്ചി: ഭര്‍ത്താവുമായി അകന്നുകഴിയുന്ന പ്രവാസി വനിതയ്ക്ക് ഓട്ടിസം ബാധിതരായ മക്കളെ വിദേശത്തേക്കു കൊണ്ടുപോകാന്‍ ഹൈക്കോടതിയുടെ അനുമതി.
തൃശൂര്‍ തളിക്കുളം സ്വദേശിനിയായ യുവതിക്കാണ് രണ്ടു മക്കളെ യുഎഇയിലേക്കു കൊണ്ടുപോകാന്‍ ജസ്റ്റീസ് വി.ജി. അരുണ്‍ അനുമതി നല്‍കിയത്.
2011 ജൂലൈയില്‍ വിവാഹം നടന്നെങ്കിലും അബുദാബിയിലെ സ്ഥാപനത്തില്‍ ജോലിക്കാരനായ ഭര്‍ത്താവിനെതിരേ യുവതി നല്കിയ ഗാര്‍ഹിക പീഡനക്കേസ് നിലനില്‍ക്കുന്നുണ്ട്.
കുട്ടികളെ തന്നോടൊപ്പം നിര്‍ത്തി യുഎഇയില്‍ പഠിപ്പിക്കണമെന്ന ആഗ്രഹമാണ് യുവതി കോടതിയെ അറിയിച്ചത്. സന്ദര്‍ശനവീസയില്‍ കുട്ടികള്‍ ഒരിക്കല്‍ വന്നെങ്കിലും 60 ദിവസം മാത്രമായിരുന്നു അനുമതി.
സ്ഥിരം വീസയ്ക്കു ശ്രമിച്ചപ്പോള്‍ ഭര്‍ത്താവില്‍നിന്നുള്ള എന്‍ഒസിയോ ഏതെങ്കിലും കോടതിയില്‍നിന്നുള്ള അനുമതിയോ വേണമെന്നായിരുന്നു ആവശ്യം. ഭര്‍ത്താവ് എന്‍ഒസി നല്കാന് തയാറാകാതിരുന്നതിനെത്തുടര്ന്നാണു കോടതിയെ സമീപിച്ചത്.
കുട്ടികളുടെ കാര്യത്തില്‍ കുടുംബക്കോടതിയാണു തീരുമാനമെടുക്കേണ്ടതെങ്കിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സുരക്ഷയാണു ലക്ഷ്യമെന്നതിനാല്‍ കുട്ടികളുടെ രക്ഷാകര്‍തൃത്വം സംബന്ധിച്ച തത്വ പ്രകാരം കുട്ടികളെ അമ്മയ്ക്കൊപ്പം വിടുന്നതായി കോടതി വ്യക്തമാക്കി.