ജെൻസൻ മടങ്ങി; ശ്രുതി വീണ്ടും തനിച്ചായി
Thursday, September 12, 2024 4:18 AM IST
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളടക്കം കുടുംബാംഗങ്ങളിൽ ഒന്‍പതുപേരെ നഷ്ടപ്പെട്ട ചൂരൽമലയിലെ ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരൻ അന്പലവയൽ സ്വദേശി ജെൻസനെയും മരണം തട്ടിയെടുത്തു.
ചൊവ്വാഴ്ച വൈകുന്നേരം വെള്ളാരംകുന്നിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജെൻസൻ (28) ഇന്നലെ രാത്രി ഒന്‍പതോടെയാണു മരിച്ചത്.
ജെൻസനും ശ്രുതിയും ബന്ധുക്കളും സഞ്ചരിച്ച ഓംനി വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ജെൻസനും ശ്രുതിയും ഉൾപ്പെടെ ഒന്‍പതു പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ജെൻസന്റെ തലയ്ക്കായിരുന്നു പരിക്ക്.
പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ മാതാപിതാക്കളായ ശിവണ്ണൻ, സബിത, സഹോദരി ശ്രേയ എന്നിവരടക്കം ഒന്‍പതു പേരെയാണ് ശ്രുതിക്കു നഷ്ടമായത്. ജെൻസനുമായുള്ള ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരിക്കേയായിരുന്നു ഉരുൾ ദുരന്തം. അന്പലവയൽ ആണ്ടൂർ പരിമളത്തിൽ ജയൻ-മേരി ദന്പതികളുടെ മകനാണ് ജെൻസൻ. ജയ്സണ്‍, ജൻസി എന്നിവർ സഹോദരങ്ങളാണ്.
നഴ്സായ ശ്രുതി ഉരുൾപൊട്ടൽ ദുരന്തം നടക്കുന്പോൾ കോഴിക്കോട്ടെ ജോലിസ്ഥലത്തായിരുന്നു. ഉരുൾവെള്ളം ഉറ്റവരെയെല്ലാം എടുത്തതിന്റെ വേദനയിൽ പാടെ ഉലഞ്ഞ ശ്രുതിക്കു സാന്ത്വനമായത് ജെൻസനും കുടുംബാംഗങ്ങളുമാണ്.
കൽപ്പറ്റയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രുതിയെ ഡോ. മൂപ്പൻസ് ആശുപത്രിയിൽ എത്തിച്ച് അവസാനമായി ഒരുനോക്ക് കാണിച്ചശേഷമാണ് ജെൻസന്റെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയത്. സംസ്കാരം ഇന്ന് ഒന്നേയാർ നിത്യസഹായമാതാ പള്ളിയിൽ നടത്തും.