സ്പീക്കറുടെ നിലപാട് തള്ളി ഡെപ്യൂട്ടി സ്പീക്കർ
Thursday, September 12, 2024 4:18 AM IST
പാലക്കാട്: ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതിൽ അപാകതയില്ലെന്ന സ്പീക്കർ എ.എൻ. ഷംസീറിന്റെ നിലപാടിനെതിരേ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടായതു ഗുരുതര വീഴ്ചയാണെന്നും ആ സ്ഥാനത്തിരുന്നു പറയാൻ പാടില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
""നിയമസഭാ സ്പീക്കർ അങ്ങനെയൊരു കാര്യം പറയാൻ പാടില്ലായിരുന്നു. രാജ്യത്തു വർഗീയ ഫാസിസം ഇല്ലാതാക്കുക എന്നതാണ് ഇടതു ലക്ഷ്യം. അതിനാൽ സ്പീക്കറുടെ പരാമർശം ന്യായീകരിക്കാൻ കഴിയില്ല.
ഇടതുമുന്നണിയുടെ നയത്തിനുതന്നെ എതിരായ പ്രസ്താവനയാണു സ്പീക്കർ നടത്തിയത്. ആർഎസ്എസ് രാജ്യത്തെ വലിയ സംഘടനയെന്ന പ്രസ്താവനയും തെറ്റാണ്. സിപിഎംതന്നെ ഷംസീറിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞിട്ടുണ്ട്’’- ഗോപകുമാർ ചൂണ്ടിക്കാട്ടി.
എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതെന്തിനാണെന്നും ഔദ്യോഗികവാഹനം ഒഴിവാക്കി സ്വകാര്യവാഹനത്തിൽ പോയത് എന്തിനാണെന്നും ചിറ്റയം ഗോപകുമാർ ചോദിച്ചു.