കെഎസ്ആര്‍ടിസി പെന്ഷന്: ഓണത്തിനു മുമ്പ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ കോടതിയില്‍
Thursday, September 12, 2024 3:17 AM IST
കൊച്ചി: കെഎസ്ആര്‍ടിസിയില്‍നിന്നു വിരമിച്ചവര്‍ക്ക് സെപ്റ്റംബര്‍ മാസത്തെ പെന്ഷന് ഓണത്തിനുമുമ്പ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പുനല്‍കി.
ഓഗസ്റ്റ് മാസത്തെ പെന്ഷന് കൊടുത്തുതീര്‍ത്തതായും അറിയിച്ചു. സര്‍ക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തിയ ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഹര്‍ജി ഓണാവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി.
ഭൂരിഭാഗം ജനങ്ങളും ഓണം ആഘോഷിക്കുമ്പോള്‍ പെന്‍ഷന്‍കാരുടെ സന്തോഷം കെടുത്തരുതെന്ന് കോടതി ഓർമിപ്പിച്ചു. എല്ലാ മാസവും പത്തിനകം പെന്ഷന് നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയടക്കമാണു കോടതിയുടെ പരിഗണനയിലുള്ളത്.