മുഖ്യമന്ത്രി വിമർശിക്കപ്പെടുമോ?; ഇടതുമുന്നണി യോഗം ഇന്ന്
Wednesday, September 11, 2024 2:17 AM IST
തിരുവനന്തപുരം: ഇ.പി. ജയരാജനെ കണ്‍വീനർ സ്ഥാനത്തുനിന്നു സിപിഎം മാറ്റിയതിനു ശേഷമുള്ള ആദ്യ ഇടതുമുന്നണി യോഗം ഇന്നു ചേരും.
ഭരണകക്ഷിയിൽപ്പെട്ട നിലന്പൂർ എംഎൽഎ പി.വി. അൻവർ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരായ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും ഉയർത്തിയ ആരോപണങ്ങൾ സർക്കാരിനെയും മുന്നണിയേയും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽകൂടിയാണു യോഗം.
എഡിജിപിയെ ചുമതലയിൽനിന്നു മാറ്റിനിർത്തി അന്വേഷിക്കണമെന്നാണു സിപിഐയുടെ പോലും നിലപാട്. ഇക്കാര്യത്തിൽ ഇന്നലെവരെ മൗനിയായിരുന്ന മുഖ്യമന്ത്രി മുന്നണി യോഗത്തിൽ എന്തു പറയുമെന്നാണു ആകാംക്ഷ.
സർക്കാരാണ് ആക്ഷേപങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്നും പാർട്ടിക്ക് ഇതിൽ ഒരു കാര്യവുമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം പകൽപോലെ വ്യക്തമാക്കിയതിലും മുഖ്യമന്ത്രിക്കെതിരേയുള്ള നീരസം ഒളിഞ്ഞിരിപ്പുണ്ട്. മുന്നണി യോഗത്തിൽ എന്തായാലും ഗോവിന്ദൻ മുഖ്യമന്ത്രിക്കെതിരേ നിലപാടെടുക്കില്ല.
എഡിജിപി ആർഎസ്എസ് നേതാക്കളെ എന്തിനാണു രഹസ്യമായി കണ്ടതെന്നുള്ള കാര്യം ഇതുവരെയും പുറത്തുവന്നിട്ടില്ല. നേരത്തേ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള രഹസ്യ കൂടിക്കാഴ്ചയുടെ പേരിലാണു പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ.പി. ജയരാജനെ സിപിഎം മുന്നണി കണ്‍വീനർ സ്ഥാനത്തുനിന്നു മാറ്റിയത്.
അങ്ങനെയൊരു സാഹചര്യത്തിൽ ആഭ്യന്തരവകുപ്പിലെ മിക്ക രഹസ്യങ്ങളും അറിയാവുന്ന എഡിജിപിയെ എന്തിനു മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നാണു സിപിഐ ഉൾപ്പെടെയുള്ള മുന്നണിയിലെ മറ്റു കക്ഷികൾ ചോദിച്ചുതുടങ്ങിയിരിക്കുന്നത്.
നിലവിലെ വിവാദങ്ങൾ ഉറപ്പായും യോഗം ചർച്ച ചെയ്യും. പി. ശശി വിഷയം തത്കാലം സിപിഎമ്മിന്റെ ആഭ്യന്തരകാര്യമായി കണ്ടാൽ മതിയെന്നാണു സിപിഐ നേതൃത്വത്തിന്റെ നിലപാട്.എന്നാൽ, എഡിജിപി-ആർഎസ്എസ് ബന്ധം വിശദീകരിക്കാതിരിക്കാൻ മുഖ്യമന്ത്രിക്കു കഴിയില്ല. അതിനദ്ദേഹം തുനിയുമോയെന്നുള്ളതാണു കണ്ടറിയേണ്ടത്.
യോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടും നിർണായകമാണ്. ഇപി ഒഴിഞ്ഞു ടി.പി. രാമകൃഷ്ണൻ ഇടതുമുന്നണി കണ്‍വീനറായുള്ള ആദ്യത്തെ യോഗം കൂടിയാണ് ഇന്നു ചേരുന്നത്.