സ്ത്രീകളുടെ അന്തസ് കളങ്കപ്പെടരുത്
Wednesday, September 11, 2024 2:17 AM IST
കൊച്ചി: സ്ത്രീകള്‍ കൂടുതലുള്ള സംസ്ഥാനമാണു കേരളമെന്നും അവരുടെ അന്തസ് കളങ്കപ്പെടാന്‍ ഇടവരരുതെന്നും ഹൈക്കോടതി. ലൈംഗികാതിക്രമം അടക്കം സ്ത്രീത്വത്തെ അപമാനിക്കുന്ന ഒട്ടേറെ സംഭവങ്ങളാണു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവരിക്കുന്നത്.
സമ്പൂര്‍ണ സാക്ഷരതയും സവിശേഷ സാമൂഹിക സാഹചര്യവുമുള്ള കേരളത്തിന് ഇതു യോജിച്ചതല്ല. ഏതു മേഖലയിലായാലും സ്ത്രീകള്‍ അപമാനിക്കപ്പെടാനും വിവേചനം നേരിടാനും പാടില്ല. സര്‍ക്കാര്‍ ഇത് ഉറപ്പുവരുത്തണം.
തൊഴില്പ്രശ്നങ്ങളടക്കം പഠിക്കാന്‍ വീണ്ടുമൊരു കമ്മിറ്റിയെ വയ്ക്കുന്ന സ്ഥിതിയുണ്ടാകരുത്. വിവിധ സമൂഹങ്ങളിലും തൊഴിലിടങ്ങളിലും വനിതകള്‍ നേരിടുന്ന വിവേചനം പരിഹരിക്കാന്‍ ആവശ്യമായ നിയമനിര്‍മാണങ്ങള്‍ ആലോചിക്കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് സി.എസ്. സുധ എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ച് ആവശ്യപ്പെട്ടു.