ആലപ്പുഴ കലവൂരില്‍ കണ്ടെത്തിയ മൃതദേഹം കൊച്ചിയിലെ വയോധികയുടേത്
Wednesday, September 11, 2024 1:46 AM IST
ആലപ്പുഴ: കലവൂരില്‍ വീട്ടുപരിസരത്ത് കണ്ടെത്തിയ മൃതദേഹം കൊച്ചി കടവന്ത്രയില്‍നിന്നു കാണാതായ വയോധികയുടേതാണെന്നു തിരിച്ചറിഞ്ഞു. കടവന്ത്ര സ്വദേശിനിയായ സുഭദ്ര (73) യാണു കൊല്ലപ്പെട്ടത്. സുഭദ്രയുടെ മകന് രാധാകൃഷ്ണന് ആലപ്പുഴയിലെത്തിയാണു മൃതദേഹം തിരിച്ചറിഞ്ഞത്.
മുട്ടുവേദനയെത്തുടര്‍ന്ന് സുഭദ്ര സ്ഥിരമായി ഉപയോഗിച്ചിരുന്ന കറുത്ത ബാന്ഡേജാണു മൃതദേഹം തിരിച്ചറിയാൻ സഹായമായത്. മറ്റൊരു മകനായ രഞ്ജിത്തും കൂടെയുണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളജിലേക്കു മാറ്റി. സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലാണ്.
കാണാതായത് കഴിഞ്ഞ നാലിന്
കഴിഞ്ഞ മാസം നാലിനാണ് സുഭദ്രയെ കാണാനില്ലെന്ന് പോലീസിൽ പരാതി ലഭിച്ചത്. കടവന്ത്രയിലെ വീട്ടില്‍ സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സുഭദ്രയ്ക്ക് ശര്‍മിളയെന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. സുഭദ്ര പരിചയപ്പെടുത്തിയത് കൂട്ടുകാരിയെന്ന നിലയിലാണ്. ശര്‍മിളയുടെ വിവാഹം നടത്തിയതും സുഭദ്രയാണെന്ന് അയല്‍വാസികള്‍ പറഞ്ഞു.
നിതിന്‍ മാത്യു എന്നയാളെയാണ് ശര്‍മിള വിവാഹം കഴിച്ചതെന്നും പോലീസിനു വിവരം ലഭിച്ചു. സുഭദ്ര പണം പലിശയ്ക്കു കൊടുത്താണ് ജീവിച്ചിരുന്നത്. വീട് പൂട്ടിയിട്ട നിലയില്‍ കണ്ടതിനെത്തുടര്‍ന്ന് മകന് നടത്തിയ അന്വേഷണത്തിലാണ് സുഭദ്ര ഇവിടെയില്ലെന്നു മനസിലാകുന്നത്.
പിന്നീടാണ് അന്വേഷണം തുടങ്ങുന്നത്. അമ്മ അമ്പലങ്ങളില്‍ പോയതാകാമെന്നാണു കരുതിയതെന്നും തിരിച്ചുവരാതായതോടെയാണു പരാതി നല്‍കിയതെന്നും മകന് പറഞ്ഞു. അമ്മയുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മകന് രാധാകൃഷ്ണന് പറഞ്ഞു.
മൃതദേഹം കണ്ടെത്തിയത് ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍, സുഭദ്ര അവസാനം എത്തിയത് കലവൂരിലാണെന്നു കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒരുമാസത്തോളമായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
കലവൂരിലുളള വീടിന്റെ പരിസരത്ത് മൃതദേഹം കുഴിച്ചുമൂടിയെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്നലത്തെ പരിശോധന. മാത്യൂസ്-ശര്‍മിള ദമ്പതികള്‍ താമസിക്കുന്ന കലവൂരിലെ വീട്ടിലാണു പരിശോധന നടത്തിയത്. വീടിനുസമീപത്തെ ശുചിമുറിക്കു സമീപമാണ് മൃതദേഹം കുഴിച്ചിട്ടത്. നൈറ്റി ധരിച്ചനിലയില്‍ വലതുഭാഗത്തേക്ക് ചെരിഞ്ഞുകിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
നിലവില്‍ മാത്യൂസും ശര്‍മിളയും ഒളിവിലാണ്. ഇവരുടെ ഫോണ്‍ ലൊക്കേഷന്‍ ഉഡുപ്പിയിലാണെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും പുറത്തുവരുന്നുണ്ട്. ശര്‍മിള ഉഡുപ്പി സ്വദേശിനിയായതിനാല്‍ കേരളത്തിനു പുറത്തും അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഡിവൈഎസ്പി മധുകുമാര്‍ പറഞ്ഞു. കാണാതാകുമ്പോള്‍ സുഭദ്ര ആഭരണങ്ങള്‍ ധരിച്ചിരുന്നു. എന്നാല്‍ കണ്ടെത്തിയ മൃതദേഹത്തില്‍നിന്ന് ആഭരണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ആഭരണങ്ങൾ കവർന്നുള്ള കൊലപാതകം
കാണാതാകുമ്പോള്‍ സുഭദ്ര ധരിച്ചിരുന്ന ആഭരണങ്ങള്‍ കവര്ന്നശേഷമുളള കൊലപാതകമാകാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
ശര്‍മിളയും സുഭദ്രയും മാത്യൂസും യാത്രകള്‍ പോകാറുണ്ടായിരുന്നു. ഇടയ്ക്ക് എപ്പോഴോ ഇവര്‍ സുഭദ്രയുടെ സ്വര്‍ണം മോഷ്ടിച്ചതായും ഇതിനെച്ചൊല്ലി സുഭദ്ര രണ്ടുപേരുമായി തെറ്റിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, അതിനുശേഷം വീണ്ടും ഇവര്‍ അടുപ്പത്തിലായി. തുടര്‍ന്ന്, ശര്‍മിളയും മാത്യൂസും കൃത്യമായി പ്ലാന്‍ തയാറാക്കി സുഭദ്രയെ കലവൂരിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയും കൈയിലുണ്ടായിരുന്ന സ്വര്‍ണം തട്ടിയെടുത്തശേഷം കുഴിച്ചുമൂടിയെന്നുമാണ് ലഭ്യമായിരിക്കുന്ന വിവരം.
കടവന്ത്രയില്‍നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളാണു തിരോധാനക്കേസില്‍ തുമ്പുണ്ടാക്കിയത്. കൂടെയുള്ളത് ആരാണെന്ന അന്വേഷണം കടവന്ത്ര പോലീസിനെ ശര്മിളയില് എത്തിക്കുകയായിരുന്നു.
പ്രതികളെ കണ്ടെത്താനും കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങള്‍ ഉറപ്പിക്കാനും പോലീസ് അന്വേഷണം ഊര്‍ജിതമാണ്.