ജോർജ് എം. തോമസിനെ സിപിഎം തിരിച്ചെടുത്തു
Wednesday, September 11, 2024 1:46 AM IST
മുക്കം: വീട് നിർമിക്കാൻ മലയോര മേഖലയിലെ ക്വാറി ക്രഷർ യൂണിറ്റുകളിൽനിന്നു നിർമാണ വസ്തുക്കൾ സൗജന്യമായി കൈപ്പറ്റിയെന്നതുൾപ്പെടെയുള്ള പരാതിയെത്തുടർന്ന് കഴിഞ്ഞ വർഷം ജൂലൈ 14നു പാർട്ടിയിൽനിന്നു പുറത്താക്കിയ ജോർജ് എം. തോമസിനെ സിപിഎം തിരിച്ചെടുത്തു.
മുൻ സിപിഎം എംഎൽഎയും ജില്ലാ സെക്രട്ടേറിയറ്റംഗവുമായിരുന്നു ജോർജ് എം. തോമസ്. ഒരു വർഷത്തെ സസ്പെൻഷൻ കാലാവധി പൂർത്തിയായ പശ്ചാത്തലത്തിൽ ജോർജ് എം. തോമസ് പാർട്ടിയിലേക്ക് തിരിച്ചെത്തുകയായിരുന്നു.
പാർട്ടിയിൽ തിരിച്ചെത്തിയ ജോർജ് എം. തോമസ് അദേഹത്തിന്റെ ബ്രാഞ്ചായ തോട്ടുമുക്കം ഈസ്റ്റ് ബ്രാഞ്ചിൽ നടന്ന ബ്രാഞ്ച് സമ്മേളനത്തിലും പങ്കെടുത്തു. അരമണിക്കൂർ ചർച്ചയിലും പങ്കെടുത്തു. ജോർജ് എം. തോമസിനെതിരായ പരാതികൾ അന്വേഷിക്കാൻ പാർട്ടി ജില്ലാ കമ്മിറ്റി രണ്ടംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റിലാണ് ജോർജ് എം. തോമസിനെ സസ്പെൻഡ് ചെയ്തത്.
ജോർജ് എം. തോമസിനെതിരായ പാർട്ടി അച്ചടക്കനടപടി മലയോരമേഖലയിൽ സിപിഎമ്മിനു കനത്ത തിരിച്ചടിയായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ കോടഞ്ചേരി പഞ്ചായത്തിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ ശ്രമിച്ചു, കോടഞ്ചേരിയിൽ കോണ്ഗ്രസിന്റെ സഹകരണ സൊസൈറ്റി രൂപവത്കരിക്കാൻ സഹായിച്ചു തുടങ്ങിയവയായിരുന്നു മറ്റ് ആരോപണങ്ങൾ. വലിയ വിഭാഗീയ പ്രവർത്തനങ്ങൾക്ക് ഇത് വഴിയൊരുക്കി.
ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതിക്കാർ ജില്ലാ കമ്മിറ്റിക്ക് എട്ടു തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ജില്ലാ സെക്രട്ടേറിയറ്റിലെയും ജില്ലാ കമ്മിറ്റിയിലെയും പ്രമുഖർ ചേർന്ന് പരാതി പൂഴ്ത്തിയതോടെ പരാതിക്കാരൻ സംസ്ഥാന കമ്മിറ്റിക്കു നേരിട്ട് പരാതി നൽകുകയായിരുന്നു.
അതേസമയം, ജോർജ് എം. തോമസിനെ തിരിച്ചുകൊണ്ടുവന്നതിൽ ഒരു വിഭാഗം പ്രവർത്തകരിൽ അമർഷമുണ്ടന്നാണു വിവരം. ജോർജിന്റെ പേരിലുള്ള മിച്ചഭൂമി കേസ് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം തിരിച്ചുവരവിനെ എതിർത്തിരുന്നത്.
ജോർജ് എം. തോമസിന്റെ പേരിലുള്ള 5.75 ഏക്കർ ഭൂമി കണ്ടുകെട്ടാൻ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഭൂമി തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് കാണിച്ച് റവന്യു വകുപ്പ് നടപടി നീട്ടിക്കൊണ്ടു പോകുകയാണ്.
ഇദ്ദേഹത്തെ തിരിച്ചെടുത്തതിനുശേഷം മിച്ചഭൂമി കേസിൽ തുടർ നടപടിയുണ്ടായാൽ പാർട്ടി വീണ്ടും പ്രതിസന്ധിയിലാകുമെന്നാണ് ജോർജിനെ എതിർക്കുന്നവരുടെ വാദം.