ആർഎസ്എസ് -എഡിജിപി ബന്ധം : സമ്മർദം ഏറുന്പോഴും മുഖ്യമന്ത്രി മൗനത്തിൽ
Tuesday, September 10, 2024 1:48 AM IST
സാബു ജോണ്
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ പേരിൽ രാഷ്ട്രീയവിവാദം കത്തിക്കയറുന്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയുന്നില്ല.
അജിത്കുമാറിനെതിരേ നടപടിയെടുക്കാൻ ഇടതുക്യാന്പിൽനിന്നുതന്നെ സമ്മർദമേറുകയാണ്. പ്രതിപക്ഷമാകട്ടെ വിമർശനം കടുപ്പിക്കുന്നു. അപ്പോഴും മുഖ്യമന്ത്രി അജിത്കുമാറിനെ കൈവിടാൻ തയാറാകുന്നില്ല.
വിവാദങ്ങൾക്കെല്ലാം തുടക്കമിട്ട പി.വി. അൻവർ ഇന്നലെയും വിമർശനം തുടർന്നു. എഡിജിപിയെ തുടരാൻ അനുവദിക്കുന്നതു തന്നെ കുടുക്കാനാണെന്നുവരെ അൻവർ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എൽഡിഎഫ് കണ്വീനർ ടി.പി. രാമകൃഷ്ണനും സർക്കാർ നടപടിയെടുക്കുമെന്ന തരത്തിലാണു പ്രതികരിച്ചത്.
എഡിജിപിയെ ചുമതലയിൽനിന്നു മാറ്റണമെന്ന് സിപിഐ നേരത്തേആവശ്യപ്പെട്ടതാണ്. എഡിജിപി എന്തിന് ആർഎസ്എസ് നേതാവിനെ കാണാൻ പോയി എന്നതു വ്യക്തമാക്കേണ്ടതുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ ഇന്നലെ പറഞ്ഞു. ആഭ്യന്തരവകുപ്പിനെതിരേ എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. എഡിജിപിയെ നീക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
കോവളത്ത് ആർഎസ്എസ് നേതാവ് റാം മാധവിനെ കാണാൻ പോയ എഡിജിപിക്കൊപ്പം ബിസിനസ് പ്രമുഖനുണ്ടായിരുന്നു എന്ന വാർത്തകൾ നേരത്തേ പുറത്തുവന്നിരുന്നു.
ഇവർക്കൊപ്പം മന്ത്രിസഭയിലെ ഒരംഗം ഉണ്ടായിരുന്നു എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതു സംബന്ധിച്ച തെളിവുകൾ പുറത്തുവരുമോ എന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. റാം മാധവിനെ കാണാൻ പോയ രാഷ്ട്രീയ നേതാവിന്റെ പേരു പുറത്തറിഞ്ഞാൽ കേരളം ഞെട്ടുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്.
സംസ്ഥാന പോലീസ് മേധാവിയുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയെങ്കിലും പ്രത്യേകിച്ചു തീരുമാനമൊന്നും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ മൗനം അദ്ദേഹത്തെയും സംശയത്തിന്റെ നിഴലിലാക്കുകയാണ്. പ്രതിപക്ഷം ഇത്തരത്തിൽ പ്രചാരണവും നടത്തുന്നു.
ഇതിനിടെ, രാജ്യത്തെ ഒരു വലിയ സംഘടനയായ ആർഎസ്എസിന്റെ നേതാവിനെ ഒരു ഉദ്യോഗസ്ഥൻ പോയി കാണുന്നതിൽ എന്താണു തെറ്റെന്ന് സ്പീക്കർ എ.എൻ. ഷംസീർ ചോദിച്ചത് വിവാദമാകയാണ്. ഇതു സിപിഎം നിലപാടാണോ എന്ന് മുസ്ലിംലീഗ് ചോദിച്ചു.
ഏതായാലും മുഖ്യമന്ത്രിക്ക് എത്രനാൾ മൗനം തുടരാൻ സാധിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്.
ആർഎസ്എസുമായി ഉന്നതോദ്യോഗസ്ഥൻ നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയദൂതുമായിട്ടായിരുന്നു എന്ന ആരോപണം ഉയരുന്നത് സിപിഎമ്മിനെ രാഷ്ട്രീയമായി ദുർബലപ്പെടുത്തുമെന്ന ചിന്ത ഇടതുപക്ഷത്തുമുണ്ട്. പൂരം വിവാദവും കൂട്ടിച്ചേർക്കുന്പോൾ സിപിഎം വല്ലാതെ സംശയനിഴലിലാകുകയാണ്.