പരിശോധിക്കും: എ. വിജയരാഘവൻ
Tuesday, September 10, 2024 1:48 AM IST
കണ്ണൂർ: എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ട കാര്യം സർക്കാർ പരിശോധിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയും സർക്കാരും വേറെയാണെന്ന തരത്തിലുള്ള ചോദ്യം ശരിയല്ല.
രാജ്യത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിബി അംഗമായ പിണറായി വിജയൻതന്നെയാണ് കേരളത്തിലെ സർക്കാരിനെ നയിച്ചുവരുന്നത്. പാർട്ടിയിലെ മറ്റു സഖാക്കളും സർക്കാരിലുണ്ട്. ഇവരൊക്കെ കൂട്ടായി സ്വീകരിക്കുന്ന നടപടികൾ പാർട്ടി തീരുമാനംതന്നെയാണെന്നു വിജയരാഘവൻ പറഞ്ഞു.
16 മാസംമുന്പ് ഒരു പോലീസുകാരൻ ആർഎസ്എസ് നേതാവിനെ കണ്ടതു വലിയ വിവാദമായിരിക്കുകയാണ്. എപ്പോഴോ നടന്ന സംഭവമാണ് വലിയ വിവാദമായി മാധ്യമങ്ങൾ ഇപ്പോൾ അവതരിപ്പിക്കുന്നത്.
കമ്യൂണിസ്റ്റ് പാർട്ടിക്കെതിരേ കളവുകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുകയെന്നത് കേരളത്തിലെ മാധ്യമങ്ങളുടെ സ്വഭാവമാണ്. അവരത് നല്ല രീതിയിൽ നിർവഹിക്കുന്നുണ്ട്. ഈ ചെലവിൽ പാർട്ടിക്കെതിരേ ചിലത് കാച്ചാമെന്നാണ് കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ സ്വീകരിക്കുന്ന നയമെന്നും വിജയരാഘവൻ പറഞ്ഞു.
എഡിജിപി വിഷയത്തിൽ സിപിഐ പറയുന്നത് അവരുടെ അഭിപ്രായമാണ്. അവർ കേരളത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന പാർട്ടിയാണ്. അവർക്ക് അവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. പി.വി. അൻവർ സ്വതന്ത്ര എംഎൽഎയാണ് . അദ്ദേഹത്തിനും സ്വന്തമായി അഭിപ്രായം പറയാമെന്നും വിജയരാഘവൻ പറഞ്ഞു.