നേതാക്കൾക്കെതിരേ റെഡ് ആർമി
Tuesday, September 10, 2024 1:48 AM IST
കണ്ണൂർ: ചടയൻ ഗോവിന്ദന്റെ മകനു പാർട്ടി മുഖപത്രത്തിൽ ജോലി കിട്ടിയപ്പോൾ പ്രതിഷേധിച്ച നേതാക്കൻമാരുടെ മക്കളെല്ലാം ഇന്ന് പാർട്ടി സ്ഥാപനത്തിലെ കഴകക്കാരാണെന്ന പോസ്റ്റുമായി ഇടതുപക്ഷ അനുകൂല സൈബർ പേജായ റെഡ് ആർമി. ചടയൻ ഗോവിന്ദന്റെ ചരമവാർഷിക ദിനത്തിലാണ് മകൻ സുഭാഷ് ചടയന്റെ ചിത്രവും കുറിപ്പുമായി റെഡ് ആർമി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടത്.
പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ: “ഇത് സുഭാഷ് ചടയൻ...സിപിഎം സംസ്ഥാന സെക്രട്ടറിയും അഴീക്കോട് എംഎൽഎയുമായിരുന്ന ചടയൻ ഗോവിന്ദന്റെ ഇളയ മകൻ. കമ്പിൽ ടൗണിൽ ഗായത്രി ഹോട്ടൽ നടത്തുകയാണ്. ദേശാഭിമാനി കണ്ണൂർ എഡിഷൻ തുടങ്ങിയ നാളുകളിൽ ബിരുദധാരിയായ സുഭാഷിനു ദേശാഭിമാനിയിൽ ജോലികിട്ടി.
എന്നാൽ, പെട്ടെന്നായിരുന്നു കാര്യങ്ങൾ അട്ടിമറിഞ്ഞത്. നേതാവിന്റെ മകനു ജോലി നല്കിയതിൽ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉരുണ്ടുകൂടി. അണിയറയിലെ പ്രതിഷേധം മനസിലാക്കിയ ചടയൻ മകനോട് ജോലി മതിയാക്കി വീട്ടിലേക്കു തിരിച്ചുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
അന്നു പാർട്ടിക്കുള്ളിൽ പ്രതിഷേധം കുത്തിപ്പൊക്കിയവരുടെ മക്കളെല്ലാം ഇന്ന് പാർട്ടിസ്ഥാപനത്തിൽ കഴകക്കാരണെന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം. ഇടതു-വലതുനേതാക്കളിൽ വലിയൊരു വിഭാഗം ഇന്ന് ഉത്കണ്ഠാകുലരാണ്. മക്കളുടെ ഭാവിയോർത്ത്. മക്കളെ എങ്ങനെയെങ്കിലും ഉന്നതങ്ങളിൽ എത്തിക്കണം”.
മകനെ ഒരു മൾട്ടി നാഷണൽ കന്പനിയുടെ തലപ്പത്തോ പാർട്ടി സ്ഥാപനങ്ങളിലോ പ്രതിഷ്ഠിക്കാൻ ചടയനു കഴിയാതെ പോയതിന്റെ പിന്നിൽ രാഷ്ട്രീയ മൂല്യബോധമെന്നാണ് റെഡ് ആർമി വിശേഷിപ്പിക്കുന്നത്.