മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയേക്കില്ല
Tuesday, September 10, 2024 1:48 AM IST
കൊച്ചി: എം. മുകേഷ് എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്കാന് സാധ്യതയില്ല. പരാതിക്കാരിയുടെ മൊഴി അവിശ്വസനീയമെന്നു വിലയിരുത്തിയായിരുന്നു ബലാത്സംഗക്കേസില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേ അപ്പീല്‍ നല്‍കണമെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) ആവശ്യം പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിന്റെ പരിഗണനയിലാണ്. ഇതിന് അനുകൂലമായ തീരുമാനത്തിനു സാധ്യതയില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്.
കേസിന്റെ വിചാരണയെ ബാധിക്കുന്ന നിരീക്ഷണമാണിതെന്നും സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നുമായിരുന്നു എസ്ഐടിയുടെ ആവശ്യം. അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ആദ്യം സൂചന നല്‍കിയെങ്കിലും പിന്നീട് പിന്നാക്കം പോകുകയായിരുന്നു.