പശ്ചിമഘട്ടത്തിൽ ഗവേഷണത്തിനു ഫണ്ട്; പരിശോധിക്കണമെന്ന് ജനകീയ സെമിനാർ
Tuesday, September 10, 2024 1:48 AM IST
കൽപ്പറ്റ: പശ്ചിമഘട്ടത്തിൽ ഗവേഷണത്തിന് ആഗോള സംഘടനകൾ ലഭ്യമാക്കുന്ന ഫണ്ടുകൾ സാധാരണക്കാരും കർഷകരുമടങ്ങുന്ന ഭൂരിപക്ഷ സമൂഹത്തിന്റെ നിലനിൽപ്പിനെയും വളർച്ചയെയും ബാധിക്കുന്നത് അന്വേഷിക്കണമെന്ന് പുത്തൂർവയലിൽ നടന്ന ജനകീയ സെമിനാർ കേന്ദ്ര ആഭ്യന്തര, പരിസ്ഥിതി, ധനകാര്യ മന്ത്രാലയങ്ങളോടും റിസർവ് ബാങ്കിനോടും ആവശ്യപ്പെട്ടു.
ഗവേഷണത്തിനു ലഭ്യമാക്കുന്ന പണം രാജ്യതാത്പര്യവിരുദ്ധ പ്രവർത്തനത്തിനുള്ള ഫണ്ടിംഗ് ആകുന്നുണ്ടോയെന്നു പരിശോധിക്കണമെന്ന ആവശ്യവും സെമിനാറിൽ ഉയർന്നു. പുഞ്ചിരിമട്ടം ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്വതന്ത്ര കർഷക സംഘടനകളുടെയും പഠന-ഗവേഷണ കേന്ദ്രങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ‘സുരക്ഷിതമാണ് വയനാട്’ മുദ്രാവാക്യം ഉയർത്തിയാണ് സെമിനാർ സംഘടിപ്പിച്ചത്.
ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട് സുരക്ഷിതമല്ല എന്നു പ്രചരിപ്പിക്കുന്നതിന് പെയ്ഡ് ഗവേഷകരും അന്താരാഷ്ട്ര ബന്ധമുള്ള ചില ശാസ്ത്രജ്ഞരും പരിസ്ഥിതി ഗവേഷണ പ്രസ്ഥാനങ്ങളും നടത്തുന്ന നീക്കം പ്രതിരോധിക്കണം.
കർഷകരെയും സാധാരണക്കാരെയും പശ്ചിമഘട്ടത്തിൽനിന്നു കുടിയിറക്കാനായുള്ള ഗൂഢപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് 2008 മേയ് ഒന്നിന് രൂപീകരിച്ച ക്രിട്ടിക്കൽ ഇക്കോ സിസ്റ്റം പാർട്ണർഷിപ്പ് ഫണ്ട് വാങ്ങിയ മുഴുവൻ സർക്കാരിതര സന്നദ്ധ സംഘടനകളുടെയും പ്രാദേശിക നിർവഹണ സംഘങ്ങളുടെയും പ്രവർത്തനം നിരോധിക്കണം.
പുഞ്ചിരിമട്ടം ഉരുൾപൊട്ടലിനെക്കുറിച്ച് ജനങ്ങൾക്കു മുന്നറിയിപ്പ് നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ജനരക്ഷയ്ക്ക് ശാസ്ത്ര-പഠന-ഗവേഷണ മേഖലകളിൽ ഒഴുക്കുന്ന നികുതിപ്പണം സംബന്ധിച്ചു സംസ്ഥാന സർക്കാർ അടിയന്തര അന്വേഷണം നടത്തണം.
കേരളത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം അവസരമാക്കി മാനുഷിക പരിഗണന നൽകാതെ വയനാട് അടക്കം പശ്ചിമഘട്ട ജില്ലകളിൽനിന്നു ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള പരിസ്ഥിതി സംഘടനകളുടെ നീക്കം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തടയണം.
പശ്ചിമഘട്ടത്തിലെ പ്രകൃതിദുരന്ത സാധ്യതകൾ പഠനവിധേയമാക്കണം. പ്രകൃതിദുരന്തങ്ങൾ ഇടനാടിനെയും കടൽത്തീരങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കണമെന്നും സെമിനാറിൽ ആവശ്യമുയർന്നു.
പശ്ചിമഘട്ട പഠനകേന്ദ്രം ഡയറക്ടർ ജയിംസ് വടക്കൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ ട്രഷറർ കെ.വി. ബിജു അധ്യക്ഷത വഹിച്ചു. ജോയി കണ്ണൻചിറ, ഡിജോ കാപ്പൻ, ബിനോയ് തോമസ്, ടി.യു. ബാബു, റസാഖ് ചൂരവേലി, ഇ.പി. ഫിലിപ്പുകുട്ടി, കമൽ വയനാട്, സുജി മാസ്റ്റർ, യാഹിയഖാൻ തലയ്ക്കൽ, മാർട്ടിൻ തോമസ്, ഗഫൂർ വെണ്ണിയോട്, സുനിൽ ജോസ്, പ്രഫ. ജോസുകുട്ടി ഒഴുകയിൽ, ജോണ് മാസ്റ്റർ, എ.എൻ. മുകുന്ദൻ, ഇബ്രാഹിം തെള്ളിയിൽ, ജോണ്സണ് തൊഴുത്തുങ്കൽ, ജിന്നറ്റ് മാത്യു, ബോണി, ഒ.ജെ. ജോണ്സണ്, സുമിൻ എസ്. നെടുങ്ങാടൻ, ഷാജി എൻ. ജോർജ് എന്നിവർ പ്രസംഗിച്ചു.