വിറ്റുവരവില്‍ മില്‍മയ്ക്ക് 5.52 ശതമാനം വര്‍ധന
Monday, September 9, 2024 3:51 AM IST
തിരുവനന്തപുരം: പാല്, പാല് ഉത്പന്ന വിറ്റുവരവില്‍ വര്‍ധന രേഖപ്പെടുത്തി കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് (മില്‍മ). മില്‍മയുടെയും മേഖല യൂണിയനുകളുടെയും 2023-24 കാലയളവിലെ ആകെ വിറ്റുവരവില്‍ 5.52 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
2022-23 സാമ്പത്തികവര്‍ഷത്തില്‍ 4119.25 കോടി രൂപയുടെ വിറ്റുവരവ് ആയിരുന്നത് 2023-24 ല്‍ 4346.67 കോടി രൂപയായി വര്‍ധിച്ചു. വയനാട് കല്‍പ്പറ്റയിലെ മില്‍മ ഡെയറിയില്‍ നടന്ന മില്‍മയുടെ 51-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ അവതരിപ്പിച്ചത്.
ഫെഡറേഷന്റ് 70.18 കോടിയുടെ കാപിറ്റല്‍ ബജറ്റും 589.53 കോടി രൂപയുടെ റവന്യു ബജറ്റും യോഗത്തില്‍ അവതരിപ്പിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് ഓണസമ്മാനമായി കാലിത്തീറ്റ ചാക്ക് ഒന്നിന് 100 രൂപ സബ്സിഡി നിരക്കില്‍ 50 ദിവസത്തേക്ക് നല്‍കാനും തീരുമാനിച്ചു.
സംസ്ഥാനത്ത് പാലുത്പാദനം കുറയുന്നതിലെ ആശങ്ക യോഗം പങ്കുവച്ചു. പാലുത്പാദനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും യോഗം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
കൂടുതല്‍ വൈവിധ്യമുള്ള ഉത്പന്നങ്ങള്‍ പുറത്തിറക്കി ഉപഭോക്താക്കളില്‍ എത്തിച്ചും ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ തിരിച്ചറിഞ്ഞ് വിപണിയില്‍ സജീവമായ ഇടപെടല്‍ നടത്താനും നൂതനസാങ്കേതിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനുമുള്ള തീരുമാനങ്ങളും യോഗം കൈക്കൊണ്ടു.
പാലുത്പാദനം വര്‍ധിപ്പിക്കുന്നതിനും ക്ഷീരകര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയും നിരവധി പദ്ധതികളാണ് മില്‍മ നടപ്പാക്കി വരുന്നതെന്ന് ചെയര്മാന് കെ.എസ്. മണി പറഞ്ഞു.
കാലിത്തീറ്റ ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചും അധിക പാല്‍വിലയും ആകര്‍ഷകമായ ഇന്‍സെന്റീവുകളും നല്‍കിയും ക്ഷീരകര്‍ഷകരെ ഒപ്പം നിര്‍ത്തുന്ന നടപടികളാണ് ഫെഡറേഷനും മേഖല യൂണിയനുകളും കൈക്കൊള്ളുന്നത്.
വയനാട്ടില്‍ ഉള്‍പ്പെടെ പ്രകൃതിദുരന്ത, കാലാവസ്ഥാ പ്രതിസന്ധി ഘട്ടങ്ങളിലും നിര്‍ണായക ഇടപെടലുകള്‍ നടത്താനായി. ഉത്പന്നങ്ങളുടെ വിപണി വൈവിധ്യവത്കരണത്തിന്റെ ഭാഗമായി റീപൊസിഷനിംഗ് മില്‍മ പദ്ധതി നടപ്പാക്കിയത് വിലയിലും ഗുണനിലവാരത്തിലും ഡിസൈനിലും പാക്കിംഗിലും ഏകീകൃത രൂപം നല്കി.
മില്‍മ ചോക്ലേറ്റും മറ്റ് ഇന്‍സ്റ്റന്റ് ഉത്പന്നങ്ങളും ഉള്‍പ്പെടെ പുറത്തിറക്കി വിപണിയുടെ മാറുന്ന താത്പര്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലുകള്‍ നടത്താനും മില്‍മയ്ക്ക് സാധിച്ചു.
ഓണക്കാലത്ത് ആവശ്യത്തിന് പാലും പാലുത്പന്നങ്ങളും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ചെയര്മാന് കൂട്ടിച്ചേര്‍ത്തു.