എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായി: വി.ഡി. സതീശന്
Monday, September 9, 2024 3:51 AM IST
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായാണ് എഡിജിപി എം.ആര്. അജിത് കുമാര്‍, ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെയെ സന്ദര്‍ശിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. റാന്നിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ അവകാശങ്ങള്‍ പാടില്ലെന്നും അതില്‍ പുനര്‍വിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ട നേതാവാണ് ദത്താത്രേയ ഹൊസബാളെ. അങ്ങനെയുള്ള ആളെ കാണാനാണ് മുഖ്യമന്ത്രി തന്റെ ദൂതനായി എഡിജിപിയെ വിട്ടത്. പാർലമെന്റ് തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ലഭിച്ച വിവരം പലതവണ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ആരോപണമായി ഉന്നയിച്ചത്. നൂറുശതമാനം ബോധ്യത്തോടെയാണ് താന്‍ ആരോപണം ഉന്നയിച്ചിട്ടുള്ളതെന്നും സതീശന് പറഞ്ഞു.
സിപിഎം ഇപ്പോള്‍ വീണിടത്തു കിടന്നുരുളുകയാണ്. എഡിജിപി സ്വന്തം ഇഷ്ടപ്രകാരമാണ് ആര്‍എസ്എസ് നേതാവിനെ കണ്ടതെന്നു പറയുന്നു. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന് എന്തു വ്യക്തിതാത്പര്യമാണ് ആര്‍എസ്എസ് നേതാവുമായുള്ളത്. സിപിഎമ്മിന്റെയും ബിജെപിയുടെയും യഥാര്‍ഥ മുഖം അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് തൃശൂരില്‍ ബിജെപിക്കുണ്ടായ അട്ടിമറി വിജയമെന്ന് അദ്ദേഹം പറഞ്ഞു. കമ്മീഷണര്‍ അഴിഞ്ഞാടുമ്പോള്‍ എഡിജിപി സ്ഥലത്ത് ഉണ്ടായിട്ടും അവിടെ പോയില്ല. തൃശൂര്‍ പൂരം കലക്കുക എന്നത് സിപിഎമ്മിന്റെയും ബിജെപിയുടെയും പദ്ധതി ആയിരുന്നു.
മുഖ്യമന്ത്രി ഇതിനു മുമ്പും കേസുകളില്‍ നിന്നും രക്ഷപ്പെടുന്നതിന് ഉദ്യോഗസ്ഥരെ ഉപയോഗിച്ചിട്ടുണ്ട്. സിപിഎം നേതാക്കളെ വിശ്വസിക്കാന്‍ കഴിയാത്തതിനാലാണ് ആര്‍എസ്എസ് നേതാവിനെ കാണാന്‍ വിശ്വസ്തനായ ഉദ്യോഗസ്ഥനെ അയച്ചത്.
താനറിയാതെയാണ് ഉദ്യോഗസ്ഥനെ അയച്ചതെന്ന് പേരിനുവേണ്ടി പറയാമെന്നു മാത്രം. എഡിജിപിക്കെതിരേ ഒരു നടപടി എടുക്കാനും മുഖ്യമന്ത്രി തയാറല്ല. ആര്‍എസ്എസ് നേതാവിനെ എന്തിന് കണ്ടുവെന്ന് വ്യക്തമാക്കണം. ഒരു മണിക്കൂറാണ് എഡിജിപി സംസാരിച്ചത്. സിപിഎം സമൂഹത്തില്‍ പരിഹാസ്യരായി നില്‍ക്കുകയാണ്. പരസ്പര സഹായ സംഘങ്ങളാണ് സിപിഎമ്മും ബിജെപിയുമെന്നും സതീശന് പറഞ്ഞു.