തൃശൂർ റെയിൽവേ സ്റ്റേഷൻ മേൽപ്പാലത്തിൽ നവജാതശിശുവിന്റെ മൃതദേഹം
Monday, September 9, 2024 3:51 AM IST
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ മേൽപ്പാലത്തിൽ ബാഗിനുള്ളിൽ ഉപേക്ഷിച്ചനിലയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 8.45നാണ് സുരക്ഷാജീവനക്കാർ സംശയകരമായനിലയിൽ ബാഗ് കണ്ടെത്തിയത്. രണ്ടുദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ്, ഒന്നാമത്തെയും രണ്ടാമത്തെയും പ്ലാറ്റ്ഫോമുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിൽ കണ്ടെത്തിയത്.
തുണിയിൽ പൊതിഞ്ഞ് ബാഗിലാക്കി കൊണ്ടുവന്ന് ഉപേക്ഷിച്ചനിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. ഇതിനിടെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ വേസ്റ്റ് ബിന്നിൽനിന്ന് രക്തക്കറപുരണ്ട സ്ത്രീയുടെ വസ്ത്രങ്ങൾ ലഭിച്ചു. ഇതോടെ ഈ വേസ്റ്റ് ബിന്നിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.
എട്ടുമാസം വളർച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ചത് ആശുപത്രിയിലാണെന്ന നിഗമനത്തിലാണ് ഡോക്ടർമാർ. കുഞ്ഞിനെ പുതപ്പിച്ചിരുന്നത് ആശുപത്രിയിലെ തുണിയാണെന്നാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ നിഗമനം. ഇതോടെ തൃശൂർ നഗരത്തിലെ ആശുപത്രികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കുഞ്ഞിനെ കൊലപ്പെടുത്തിയതിനു ശേഷം ഉപേക്ഷിച്ചതാണോ, അതോ ജീവനോടെ ഉപേക്ഷിച്ചതിനു ശേഷം പിന്നീട് മരിച്ചതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരൂ എന്നു പോലീസ് അറിയിച്ചു.