പത്രപ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍
Sunday, September 8, 2024 1:12 AM IST
കോഴിക്കോട്: പത്തൊന്‍പത് വര്‍ഷം മുന്‍പ് കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ പത്രപ്രവർത്തകനായ ഷംസുദ്ദീൻ എന്നയാളെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ മുഖ്യ പ്രതി പിടിയില്‍.
കോഴിക്കോട് സ്വദേശി അറബി അബ്ദുൾ റഹിമാൻ എന്നയാളെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡൽഹിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.
ആദ്യം നടക്കാവ് പോലീസ് അന്വേഷണം നടത്തിയ കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും മഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ അബ്ദുൾ റഹിമാൻ വിദേശത്തേക്ക് കടക്കുകയും യുഎഇയിൽ ഖാമിസ് ഒത്മാൻ അൽ ഹമാദി എന്ന് പേര് മാറ്റി പാസ്പോർട്ട് ഉണ്ടാക്കി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവരികയുമായിരുന്നു.
തുടർന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി പുതിയ പാസ്പോർട്ട് വിവരങ്ങൾ കണ്ടെത്തുകയും ഇന്റർപോളുമായി ബന്ധപ്പെട്ട് പ്രതിയുടെ പേരിൽ റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഡൽഹി ഇന്ദിരഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങിയ സമയം എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ച് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലെത്തി കേരളാ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കസബ, നല്ലളം സ്റ്റേഷനുകളിലുൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാള്‍.