ആപ്പ് പണിമുടക്കി: ആപ്പിലായി കന്നുകാലി സെൻസസ്
Sunday, September 8, 2024 1:12 AM IST
റെനീഷ് മാത്യു
കണ്ണൂർ: കന്നുകാലി സെൻസസിന് തയാറാക്കിയ ആപ്പിലെ സോഫ്റ്റ്വേർ സംവിധാനം ശരിയാകാത്തതിനാൽ രാജ്യത്തെ കന്നുകാലി സെൻസസ് മുടങ്ങി. 21-ാമത് കന്നുകാലി സെൻസസ് സെപ്റ്റംബർ രണ്ടുമുതൽ ആരംഭിക്കാൻ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നല്കിയിരുന്നു.
സെൻസസ് നടത്താൻ ‘21-ലൈവ്സ്റ്റോക്ക് സെൻസസ്’ (21st Livestock Census) എന്ന പേരിൽ മൊബൈൽ ആപ്പ് തയാറാക്കിയിരുന്നു. ആദ്യമായാണ് മൊബൈൽ ആപ്പ് ഉപയോഗിച്ച് വിവര ശേഖരണം നടത്തുന്നത്. ഇതിനു മുന്നോടിയായി ഓഗസ്റ്റ് 13ന് ഗോവയിൽ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് പ്രാഥമികതല പരിശീലനം നൽകിയിരുന്നു.എന്നാൽ, ആപ്ലിക്കേഷനിൽ സാങ്കേതിക തകരാർ കണ്ടതിനെ തുടർന്ന് സെൻസസ് ഇതുവരെയും ആരംഭിച്ചിട്ടില്ല.
മറ്റൊരു തീയതിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബർ രണ്ടുമുതൽ ഡിസംബർ 31 വരെയാണ് സെൻസസ് നടത്താൻ നിർദേശിച്ചിരുന്നത്. കേരളത്തിൽ മാത്രം 3500ൽ അധികം എന്യൂമറേറ്റർമാരെയാണ് സെൻസസിനായി നിയമിച്ചത്.
1919 മുതലാണ് രാജ്യത്ത് കന്നുകാലി സെൻസസ് ആരംഭിച്ചത്. ഇതിനെ തുടർന്ന് ഓരോ അഞ്ചു വർഷം കൂടുമ്പോഴും രാജ്യത്തു കന്നുകാലികളുടെ കണക്കെടുപ്പ് നടക്കുന്നുണ്ട്. മൃഗങ്ങളുടെ ഇനം, പ്രായം, ലിംഗഘടന എന്നിവയുൾപ്പെടെ കന്നുകാലികളുടെ എണ്ണത്തിലുള്ള വർധനയെക്കുറിച്ചുള്ള വിശദവും കൃത്യവുമായ വിവരങ്ങൾ ശേഖരിക്കുക എന്നതാണ് കന്നുകാലി സെൻസസിന്റെ പ്രാഥമിക ലക്ഷ്യം.
നാട്ടാന ഉൾപ്പെടെയുള്ള വിവിധയിനം മൃഗങ്ങളുടെയും കോഴിവര്ഗത്തിൽപെട്ട പക്ഷികളുടെയും തെരുവ് നായ്ക്കളുടെയും എണ്ണമുൾപ്പെടെയുള്ള വിവരങ്ങളോടൊപ്പം അറവുശാലകൾ, മാംസസംസ്കരണ പ്ലാന്റുകൾ, ഗോശാലകൾ മുതലായവയുടെ വിവരങ്ങളും കന്നുകാലി സെൻസസിന്റെ ഭാഗമായി ശേഖരിക്കും.